മതിൽ വിവാദത്തിനു പിന്നാലെ മരംവിവാദം: സമീപത്തെ മരവും മരക്കൊമ്പും മുറിച്ചുമാറ്റി
1377672
Tuesday, December 12, 2023 12:13 AM IST
മാവേലിക്കര: നവകേരള സദസിനു വേദിയാകുന്ന മാവേലിക്കര ഗവ. ബോയ്സ് സ്കൂൾ മൈതാനത്തിലെ മതിലിനു സമീപത്തെ മരവും മരക്കൊമ്പും മുറിച്ചുമാറ്റി. നവകേരള സദസിനു വേദിയാകുന്ന സ്കൂൾ മൈതാനത്തു അപകട അവസ്ഥയിൽ നിൽക്കുന്ന തെങ്ങ്, പ്ലാവ് തുടങ്ങിയ മരങ്ങളുടെ ശിഖരങ്ങൾ വെട്ടി മാറ്റണമെന്ന നഗരസഭാ ക്ലീൻ സിറ്റി മാനേജരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറാണു അടിയന്തരമായി നടപടി സ്വീകരിക്കാനായി നഗരസഭ സെക്രട്ടറിക്കു നിർദേശം നൽകിയത്. ഏറെ ആളുകൾ എത്തിച്ചേരുന്ന നവകേരള സദസിൽ അപകടം ഉണ്ടാകാതിരിക്കാൻ ദുരന്തനിവാരണ വ്യവസ്ഥപ്രകാരം നടപടി സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്.
ചട്ടപ്രകാരം മരം മുറിക്കണമെങ്കിൽ ട്രീ കമ്മിറ്റി വിളിച്ചുചേർത്തു തീരുമാനമെടുത്തു വനം വകുപ്പിനെ അറിയിച്ചു വേണം തുടർനടപടികൾ സ്വീകരിക്കാൻ ട്രീ കമ്മിറ്റിയുടെ അധ്യക്ഷൻ നഗരസഭാ ചെയർമാനാണ്.
സ്കൂൾ വളപ്പിലെ മരമോ കൊമ്പോ വെട്ടിമാറ്റുന്നതിന് അപേക്ഷ ലഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് നഗരസഭാ ചെയർമാൻ കെ. വി. ശ്രീകുമാർ പറഞ്ഞു. സ്കൂൾ മൈതാനത്ത് ആർക്കും തടസം ഇല്ലാതെനിന്ന മരം മുറിച്ചതു ധാർഷ്ട്യമാണെന്നും അധികാര ദുർവിനയോഗമാണെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് കെ.കെ.അനൂപ് ആരോപിച്ചു.