തെരുവോരക്കച്ചവട വാഹനത്തിലേക്ക് കാർ ഇടിച്ചുകയറി രണ്ടു പേർക്കു പരിക്ക്
1377408
Sunday, December 10, 2023 10:36 PM IST
ഹരിപ്പാട്: തെരുവോരക്കച്ചവട വാഹനത്തിലേക്കു കാർ ഇടിച്ചു കയറി രണ്ടു പേർക്കു പരിക്ക്. കച്ചവടക്കാരനായ മുട്ടം മുല്ലശേരിൽ ഷഹനാസ് (34), സാധനം വാങ്ങാനെത്തിയ മുട്ടം ബിസ്മില്ല മൻസിൽ താജുദ്ദീൻ (50) എന്നിവർക്കാണു പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ തട്ടാരമ്പലം - നങ്ങ്യാർകുളങ്ങര റോഡിൽ മുട്ടം മൈത്രി ജംഗ്ഷനു സമീപമാണ് അപകടം നടന്നത്. ബൈക്കിൽ ഷഹനാസിന്റെ പെട്ടിവണ്ടിയിൽനിന്ന് സാധനം വാങ്ങാനെത്തിയ താജുദ്ദീന് പഴങ്ങൾ എടുത്തു കൊടുക്കുന്നതിനിടയിൽ തട്ടാരമ്പലം ഭാഗത്തുനിന്നും വന്ന കാർ റോഡ് അരികിൽ കിടന്ന ഷഹനാസിനേയും പെട്ടി ഓട്ടോറിക്ഷയിലും താജുദ്ദീന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ താജുദ്ദീൻ സമീപത്തെ തട്ടിലേക്കു തെറിച്ചു വീണു. തുടർന്ന് നിയന്ത്രണം തെറ്റിയ കാർ സമീപത്തെ മരത്തിൽ ഇടിച്ചാണു നിന്നത്. പരിക്കേറ്റ ഇരുവരെയും തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിയിലക്കുളങ്ങര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.