യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍
1377407
Sunday, December 10, 2023 10:36 PM IST
വെച്ചൂച്ചിറ: യുവതി പെരുന്തേനരുവിയില്‍ പമ്പയാറ്റില്‍ ചാടി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തന്‍തറ, ഡിസിഎല്‍ പടി കരിങ്ങമാവില്‍ കെ.എസ്്. അരവിന്ദാണ് (സുമേഷ്, 36)പിടിയിലായത്.
ഇയാളുടെ ഭാര്യ കൊല്ലമുള ചാത്തന്‍തറ കരിങ്ങമാവില്‍ ടെസി (ജെനിമോള്, 31) കഴിഞ്ഞ ഒക്ടോബര്‍ 30ന് ആറ്റില്‍ചാടി ജീവനൊടുക്കിയിരുന്നു. ഇതിനു കാരണം നിരന്തരമായ ഗാര്‍ഹിക പീഡനവും ഭര്‍ത്താവിന്റെ അവിഹിതം ചോദ്യം ചെയ്തതിലുള്ള വിരോധത്താല്‍ ശാരീരിക മാനസിക പീഡനവുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ ത്തുടര്‍ന്നാണ് അറസ്റ്റ്. ആത്മഹത്യ പ്രേരണാക്കുറ്റവും ഗാര്‍ഹിക പീഡനക്കുറ്റവും ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അരവിന്ദിനെ കോടതിയില്‍ ഹാജരാക്കി.
പോലീസ് ഇന്‍സ് പെക്ടര്‍ ബി. രാജഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ എഎസ്ഐ റോയ് ജോണ്‍, എസ്സിപിഒമാരായ അന്‍സാരി, ജോജി, മനോജ് കുമാര്‍, ശ്യാം മോഹന്‍, സിപിഒമാരായ ജോസണ്‍ പി. ജോണ്‍, അഞ്ജന എന്നിവരുമുണ്ടായിരുന്നു.
യുവതി ചാടിയ സ്ഥലത്തിനു സമീപത്തുനിന്നു ചെരുപ്പും മൊബൈല്‍ ഫോണും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും രണ്ട് ഡെബിറ്റ് കാര്‍ഡുകളും പോലീസ് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ്, ഭര്‍ത്താവും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീയും സ്വസ്ഥത നല്‍കുന്നില്ലെന്നും മരിക്കാന്‍ പോകുകയാണെന്നുമുള്ള ടെസിയുടെ ശബ്ദസന്ദേശം ഒരു സ്ത്രീക്കയച്ച വാട്സാപ്പ് ചാറ്റില്‍നിന്നു കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ടെസിയുടെ ആത്മഹത്യയില്‍, ഭര്‍ത്താവ് അരവിന്ദിന്റെ പങ്ക് വെളിവായതും അറസ്റ്റിലേക്കെത്തിയതും.
2010 മുതല്‍ പ്രണയത്തിലായിരുന്ന അരവിന്ദും ടെസിയും വീട്ടുകാരെക്കൊണ്ട് നിര്‍ബന്ധിച്ച് സമ്മതിപ്പിച്ചാണ് 2013ല്‍ വിവാഹിതരായത്. യുവതിയുടെ വീട്ടുകാര്‍ കുടുംബവിഹിതമായി നല്കിയ 50,000 രൂപയും എട്ടു പവന് സ്വര്‍ണവും അരവിന്ദും അമ്മയും ചേര്‍ന്നു ചെലവഴിച്ചതായി തെളിഞ്ഞു.