ഇടതുഭരണത്തിൽ കുട്ടനാട്ടിലെ നെല്ലറകൾ കല്ലറയായി: സി.പി. ജോൺ
1377406
Sunday, December 10, 2023 10:36 PM IST
ആലപ്പുഴ: ഇടതുഭരണത്തിൻ കീഴിൽ കുട്ടനാട്ടിലെ നെല്ലറകൾ കർഷകരുടെ കല്ലറകളായി മാറിയെന്ന് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്യാബിനറ്റ് ബസ് കേരളത്തിൽ സഞ്ചരിക്കുന്നത് പണപ്പിരിവിനാണെന്നും നെല്ലറയായ കുട്ടനാട് മണ്ഡലത്തിൽ ബസ് എത്തുമ്പോൾ ആത്മഹത്യ ചെയ്ത കർഷകന്റെ കല്ലറയിലേക്കു പോകുമോയെന്നും അദ്ദേഹം ചോദിച്ചു.
സിഎംപി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നവകേരള സദസിന്റെ പേരിൽ യാത്ര ചെയ്യുന്ന ആനവണ്ടികയറ്റുവാൻ സ്കൂൾ മതിലുകൾ പൊളിച്ച് മാറ്റുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ പതിനൊന്ന് മാസമായി ക്ഷേമനിധി പെൻഷൻ മുടങ്ങിക്കിടക്കുന്നു.
മദ്യ-മയക്കുമരുന്നു കച്ചവടം കൂടി. കുട്ടികളെ തട്ടി കൊണ്ടുപോകലും നരബലിയും കർഷക ആത്മഹത്യയും വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എ മുരളി അദ്ധ്യക്ഷത വഹിച്ചു. സി എംപി ജില്ലാ ജനറൽ സെക്രട്ടറി എ. നിസാർ, ബി. സ്വാതി കുമാർ, കെ.എ. കുര്യൻ, പി. രാജേഷ്, തങ്കമ്മ രാജൻ, പി.വി. സുന്ദരൻ, ജി. മുരളിധരൻ, കെ.ജി. ഷാജി, മുഹമ്മദ് റാഫി, സുരേഷ് കാവിനേത്ത് എന്നിവർ പ്രസംഗിച്ചു. രാവിലെ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് എ. മുരളി കൊടി ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.