വണ്ടാനം മെഡി. കോളജിൽ ബ്രെഡ് വിതരണം മുടങ്ങി
1377404
Sunday, December 10, 2023 10:36 PM IST
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സാമ്പത്തിക പ്രതിസന്ധി മൂലം ബ്രെഡ് വിതരണം മുടങ്ങി. നവകേരള സദസിനായി കോടികൾ പൊടിക്കുമ്പോഴാണ് സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ സാമ്പത്തിക പ്രതിസന്ധി മൂലം ബ്രെഡ് വിതരണം മുടങ്ങിയത്.
സൂപ്പർ സ്പെഷാലിറ്റി ആശുപത്രി കൂടിയായ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്രെഡ് വിതരണം മുടങ്ങിയത്. പണം നൽകാത്തതിനെത്തുടർന്ന് ഉടൻതന്നെ പാൽവിതരണവും മുടങ്ങാൻ സാധ്യതയുണ്ട്. ആശുപത്രിയിൽ വർഷങ്ങളായി ബ്രെഡ് വിതരണം ചെയ്തുവരുന്നത് മോഡേൺ കമ്പനിയാണ്. ഈ കമ്പനിക്ക് ആശുപത്രിയിൽ ബ്രെഡ് നൽകിയ ഇനത്തിൽ 20 ലക്ഷം രൂപ നൽകാനുണ്ട്.
ഇതോടെയാണ് ഈ മാസം ഒന്നു മുതൽ ബ്രെഡ് വിതരണം മുടങ്ങിയത്. എല്ലാദിവസവും രാവിലെയാണ് രോഗികൾക്കു പാലിനൊപ്പം ബ്രെഡും നൽകിയിരുന്നത്. കടുത്തസാമ്പത്തിക പ്രതിസന്ധി മൂലമാണ് ബ്രെഡ് വിതരണം മുടങ്ങിയത്. ആശുപത്രിക്ക് പാൽ നൽകിയ ഇനത്തിൻ 15 ലക്ഷത്തോളം രൂപ മിൽമയ്ക്കും സർക്കാർ നൽകാനുണ്ട്. എങ്കിലും രോഗികൾക്കു ദുരിതമുണ്ടാകാതിരിക്കാനാണ് പാൽവിതരണം മുടക്കാത്തതെന്ന് മിൽമ പറയുന്നു.
എങ്കിലും താമസിയാതെ പാൽ വിതരണവും തടസപ്പെടാനാണ് സാധ്യത. നവകേരള സദസിനായി നാടെമ്പാടും കോടികൾ ചെലവഴിക്കുമ്പോഴാണ് സൂപ്പർ സ്പെഷാലിറ്റി എന്നവകാശപ്പെടുന്ന സാധാരണക്കാരുടെ ആശ്രയമായ മെഡിക്കൽ കോളജ് ആശുപത്രിയിൽ സർക്കാർ അനാസ്ഥമൂലം പ്രഭാതഭക്ഷണം മുടങ്ങിയത്.