ഹയർ സെക്കൻഡറിയോടുള്ള വെല്ലുവിളി അവസാനിപ്പിക്കണം
1377403
Sunday, December 10, 2023 10:36 PM IST
ആലപ്പുഴ: ഹയർ സെക്കൻഡറി മേഖലയെ തകർക്കുന്ന നടപടികളായ പ്ലസ് ടു ലയനം, മൂല്യനിർണയ പ്രതിഫലം നൽകാതിരിക്കൽ, എസ്എസ്എൽസി മാർക്ക് ദാനം നടത്തി എപ്ലസുകാരെ സൃഷ്ടിച്ച് ഹയർ സെക്കൻഡറിയുടെ നിലവാരം തകർക്കുകയും അതേസമയം ഹയർ സെക്കൻഡറി പരീക്ഷാ ജോലിയിൽ ഒരു മാർക്ക് വ്യത്യാസം വരുമ്പോൾ അധ്യാപകർക്ക് ശിക്ഷ നടപ്പാക്കുകയും ചെയ്യൽ, സറണ്ടർ ആനുകൂല്യം മരവിപ്പിക്കൽ, ആർഡിഡി ഓഫീസുകളിലെ മെല്ലെപ്പോക്ക് നയം നടപ്പിലാക്കി രഹസ്യനിയമന നിരോധനം തുടങ്ങി അധ്യാപക ദ്രോഹ നടപടികൾ നടപ്പിലാക്കുന്ന സർക്കാർ നയങ്ങൾ ഹയർ സെക്കൻഡറി മേഖലയോടുള്ള വെല്ലുവിളിയാണെന്ന് എഎച്ച്എസ്ടിഎ ആലപ്പുഴ ജില്ലാ നേതൃയോഗം ആരോപിച്ചു. ഒടുവിൽ ഹയർ സെക്കൻഡറി അധ്യാപകരെ കായികാധ്യാപന ജോലി കൂടി ഏൽപ്പിക്കാനുള്ള സർക്കാർ നീക്കം അപഹാസ്യമാണെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു.
എഎച്ച്എസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജു പി. ബഞ്ചമിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി വർഗീസ് പോത്തൻ, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ ജോസ് കുര്യൻ, ബി. സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.