ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാം: ഉല്ലാസിലൂടെ അക്ഷരലോകത്തേക്ക് 4896 പേർ
1377401
Sunday, December 10, 2023 10:36 PM IST
ആലപ്പുഴ: ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ ഉല്ലാസ് പദ്ധതിയിലൂടെ ജില്ലയിലെ 187 കേന്ദ്രങ്ങളിലായി 4896 പേർ സാക്ഷരത പരീക്ഷ എഴുതി.
ഇതിൽ 3918 സ്ത്രീകൾ, പട്ടികജാതി വിഭാഗത്തിൽനിന്ന് 983 പേർ, പട്ടികവർഗ വിഭാഗത്തിൽ നിന്ന് 48 പേർ എന്നിങ്ങനെ പരീക്ഷ എഴുതി.
തെക്കേക്കര പഞ്ചായത്തിൽ പരീക്ഷ എഴുതിയ ഗോപിനാഥപിള്ളയാണ് (86) ഏറ്റവും പ്രായം കൂടിയ പഠിതാവ്. പള്ളിപ്പുറം പഞ്ചായത്തിലെ പാപ്പി ഗൗരി (85), നെടുമുടിയിലെ തങ്കമ്മ (85), ബുധനൂരിലെ പാറുക്കുട്ടിയമ്മ (85), ചേർത്തല നഗരസഭയിലെ ചിന്നമ്മ (84), ചെങ്ങന്നൂർ നഗരസഭയിലെ പങ്കജാക്ഷിയമ്മ (84) എന്നിവരും പ്രായം കൂടിയ പഠിതാക്കളുടെ പട്ടികയിലുണ്ട്. തണ്ണീർമുക്കം പഞ്ചായത്ത് ബഡ്സ് സ്കൂളിൽ പരീക്ഷ എഴുതിയ അരുണാണ് (17) പ്രായം കുറഞ്ഞ പഠിതാവ്. പാണാവള്ളി പഞ്ചായത്തിലെ അസീസി സ്പെഷൽ സ്കൂളിൽ 12 പേർ പരീക്ഷ എഴുതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്.
മാവേലിക്കര നഗരസഭയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് (191). ചേർത്തല നഗരസഭയിൽ 181 പേരും പാണാവള്ളി പഞ്ചായത്തിൽ 177 പേരും പരീക്ഷ എഴുതി. മികവുത്സവം എന്ന പേരിൽ പഠിതാക്കൾക്ക് ആശങ്കയില്ലാതെ ഉത്സവച്ഛായയിലാണ് പരീക്ഷ നടത്തിയത്. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് പരീക്ഷാകേന്ദ്രത്തിലേക്കെത്താൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. വാചികം, എഴുത്ത്, ഗണിതം എന്നിങ്ങനെ ഭാഗങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചത്. 150 മാർക്കിന്റെ ചോദ്യങ്ങൾ. 45 മാർക്കാണ് ജയിക്കാൻ വേണ്ടത്. മൂല്യനിർണയവും ഫലപ്രഖ്യാപനവും ജനുവരിയിൽ നടക്കും.
ജില്ലയിൽ 187 വോളണ്ടറി ടീച്ചർമാരാണ് സാക്ഷരതാ ക്ലാസുകൾ നയിച്ചത്. സാക്ഷരതാ പാഠവലിക്കുപുറമേ ഡിജിറ്റൽ മെറ്റീരിയലുകളും പഠനത്തിനുപയോഗിച്ചു. ജനപ്രതിനിധികൾ പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ചു. പഠിതാക്കൾക്ക് ചായയും ഭക്ഷണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നൽകി.