കടമെടുത്ത് കേരളം നശിച്ചു: രമേശ് ചെന്നിത്തല എംഎല്‍എ
1377396
Sunday, December 10, 2023 10:36 PM IST
ചേര്‍ത്തല: കേരളത്തിലെ ജനങ്ങളെ കടത്തില്‍ മുക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല എംഎല്‍എ. ഐഎന്‍ടിയുസി ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടമെടുത്ത് കടമെടുത്ത് കേരളം നശിച്ചു. സാധാരണകാര്‍ക്ക് ജീവിക്കാനാകാത്ത അവസ്ഥയാണ് സംസ്ഥാനത്ത്.
കേരളത്തില്‍ ഓരോ കുട്ടിയും ജനിച്ചുവീഴുന്നത് ഒരുലക്ഷം രൂപയുടെ കടക്കാരനായിട്ടാണ്. സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. തൊഴിലാളികള്‍ക്ക് തൊഴിലില്ല, ശമ്പളമില്ല എന്ന അവസ്ഥയാണ്. കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്കു പകുതി ശമ്പളമാണ് കൊടുക്കുന്നത്. അടുത്ത പകുതിക്ക് കോടതിയെ സമീപിക്കേണ്ട അവസ്ഥയിലാണ്.
കര്‍ഷകര്‍ക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണ്. അഴിമതിയും കൊള്ളയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. സാധാരണകാര്‍ക്ക് അത്താണിയായ സിവില്‍സപ്ലൈസ് പൂട്ടിപോകേണ്ട അവസ്ഥയിലാണ്. ട്രഷറിയില്‍ അയ്യായിരം രൂപയുടെ ബില്ലുപോലും മാറികിട്ടുന്നില്ല.
തൊഴിലാളിപാര്‍ട്ടി ഒരുകാലത്ത് ബൂര്‍ഷ്വകളെന്ന് വിളിച്ച് ആട്ടിയവരെ ഇപ്പോള്‍ പൗരപ്രമുഖരെന്ന് വിളിച്ച് പ്രീണിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുപോലും കൃത്യമായി ശമ്പളം കിട്ടാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഡിഎ കുടിശിഖ പോലും നല്‍കാതെ ഭരണപാര്‍ട്ടിയുടെ എന്‍ജിഒ യൂണിയനുകള്‍ സര്‍ക്കാര്‍ ജീവക്കാരെ ഒന്നടങ്കം വഞ്ചിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന്, ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.