കായിപ്പുറം ബോട്ടുജെട്ടിയുടെ സൗന്ദര്യവത്കരണത്തിനു നടപടിവേണം
1377395
Sunday, December 10, 2023 10:36 PM IST
മുഹമ്മ: പാതിരാമണൽ ദ്വീപിലേക്കുള്ള മുഖ്യപ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിയുടെ സൗന്ദര്യവത്ക്കരണത്തിനു നടപടിവേണമെന്ന് നാട്ടുകാർ. ദ്വീപ് കാണാനെത്തുന്ന ടൂറിസ്റ്റുകളിൽ നല്ലൊരു പങ്കും കായിപ്പുറം ജെട്ടിയിലാണ് ആദ്യമെത്തുന്നത്.
എന്നാൽ, യാത്രക്കാർക്ക് വിശ്രമിക്കുന്നതിനോ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനോ സൗകര്യമില്ല. ബോട്ടുജെട്ടിയും പരിസര പ്രദേശങ്ങളും ടൂറിസ്റ്റുകളെ ആകർഷിക്കുന്ന രീതിയിൽ മോഡിയാക്കുമെന്ന അധികാരികളുടെ വാഗ്ദാനം യാഥാർഥ്യമായിട്ടില്ല.
ബോട്ടുജെട്ടിയുടെ ടൈൽ പാകിയ ഭാഗങ്ങൾ പൊളിഞ്ഞിരിക്കയാണ്. വിനോദസഞ്ചാരികൾക്ക് വിശ്രമകേന്ദമില്ലാത്തതിനാൽ ബെഞ്ചിനു പകരമായി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റിലാണ് ഇരിക്കുന്നത്.
ആലപ്പുഴ, കുമരകം മേഖലകളിൽനിന്ന് ടൂറിസ്റ്റുകളുമായി എത്തുന്ന ഹൗസ് ബോട്ടുകൾക്ക് അടുക്കാൻ സൗകര്യമിലെന്നത് ദീർഘനാളായുള്ള പരാതിയാണ്. ദ്വീപിന്റെ പ്രവേശന കവാടത്തിലും കായിപ്പുറം ബോട്ടുജെട്ടിയിലും ഇതിനുള്ള സൗകര്യം ഏർപ്പെടുത്തേണ്ടതുണ്ട്.
കായിപ്പുറം ബോട്ടുജെട്ടിക്കു സമീപമുള്ള തോട്ടുമുഖപ്പിൽ പാലം വലിയ വാഹനങ്ങൾക്കു സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ പുനർനിർമിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല.