ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡിന് ശാശ്വത പരിഹാരം വേണമെന്ന്
1377100
Saturday, December 9, 2023 11:23 PM IST
മങ്കൊമ്പ്: നിർമാണം പൂർത്തിയായതു മുതൽ അടിക്കടി താഴ്ന്നുകൊണ്ടിരിക്കുന്ന ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡിനു ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ. നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിക്കു മുൻപിൽ വിഷയം അവതരിപ്പിക്കാനും നാട്ടുകാർ ആലോചിക്കുന്നു. അടിക്കടി താഴ്ന്നുകൊണ്ടിരിക്കുന്ന അപ്രോച്ച് റോഡ് പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മണ്ണിട്ടുയർത്തി നിർമിച്ചിരിക്കുന്ന റോഡിനു പകരമായി പുതുതായി ഒരു സ്പാൻ നിർമിക്കണമെന്നാണ് പ്രദേശവാസികൾ നിർദ്ദേശിക്കുന്ന പരിഹാരമാർഗം. കുട്ടനാടിന്റെ പ്രത്യേക ഭൂപ്രകൃതി മൂലം തുടർച്ചയായി താഴുന്ന സാഹചര്യം ഒഴിവാക്കാൻ ഒരു സ്പാൻ കൂടി നിർമിക്കണമെന്ന് മുൻ പൊതുമരാമത്ത മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.
പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു ഒരു മാസത്തിനുള്ളിൽ തന്നെ റോഡ് താഴുന്നുതുടങ്ങിയിരുന്നു. ഇതുമൂലം ഇതുവഴിയുള്ള വാഹനഗതാഗതം ഏറെ അപകടകരമായിരുന്നു. ഈ സ്ഥിതി ഇപ്പോഴും തുടരുകയാണ്. ഇരുചക്രവാഹനയാത്രക്കാരാണ് ഏറ്റവുമധികം അപകടങ്ങളിൽപ്പെടുന്നത്.
ഉയരം കുറഞ്ഞ കാറുകളുടെ അടിഭാഗവും റോഡിലുരഞ്ഞു കേടുപാടുകൾ സംഭവിക്കുന്നത് പതിവു കാഴ്ചയാണ്. ഇതുവഴി മറ്റു പ്രദേശങ്ങളിൽനിന്നെത്തുന്ന പരിചിതരല്ലാത്ത യാത്രക്കാരുടെ വാഹനങ്ങൾക്കാണ് ഏറെയും അപകടങ്ങൾ സംഭവിക്കുന്നത്. പാലത്തിൽ കൂടി വേഗത്തിലെത്തുന്ന വാഹനങ്ങൾ പെട്ടന്നു ബ്രേക്ക് ചെയ്യുമ്പോൾ പിന്നാലെയെത്തുന്ന വാഹനങ്ങൾക്കും അപകടസാധ്യത നിലനിൽക്കുന്നു. അപ്രോച്ച് റോഡിൽ സ്ഥിരം കാഴ്ചയായ കുഴികളും വാഹനങ്ങൾക്കു ഭീഷണിയാകുന്നുണ്ട്.
യഥാസമയം കുഴികളടയ്ക്കാൻ അധികൃതർ കാട്ടുന്ന അലംഭാവത്തിനും പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എസി റോഡിന്റെ നിർമാണജോലികൾ ആരംഭിച്ചപ്പോൾ മുതൽ കെഎസ്ആർടിസി സർവീസുകളടക്കം ഇതുവഴിയാക്കിയിരുന്നു.
വാഹനഗതാഗതം വർധിച്ചതോടെ റോഡ് താഴുന്ന പ്രവണതയും, അപകടങ്ങളും വർധിച്ചിട്ടുണ്ട്. നവകേരള സദസിലെങ്കിലും വിഷയത്തിനു ശാശ്വതമായ പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.