വനിതാ കമ്മീഷൻ സെമിനാർ നടത്തി
1377098
Saturday, December 9, 2023 11:23 PM IST
മങ്കൊമ്പ് : വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കു ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും, പരിരക്ഷയും സംബന്ധിച്ചു ബോധവത്കരണം നൽകുന്ന സംസ്ഥാനതല സെമിനാർ ചമ്പക്കുളത്തു നടന്നു.
ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഫാ. പോരൂക്കര ഓഡിറ്റോറിയത്തിൽ നടത്തിയ സെമിനാർ വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി ഉദ്ഘാടനം ചെയ്തു. ഗാർഹിക പീഡനത്തിൽനിന്നു സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബ ജീവിതത്തിൽ വരുത്തുന്ന താളപ്പിഴകൾ എന്നിവ സംബന്ധിച്ച് സെമിനാറിൽ അവബോധം നൽകി.
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് യോഗം ആദരാഞ്ജലി അർപ്പിച്ചു. സെമിനാറിൽ സ്ത്രീകളും ഭരണഘടനയും എന്ന വിഷയം ആലപ്പുഴ ജില്ലാ കോടതി ഫാമിലി കൗൺസിലർ അഡ്വ. ജീനു എബ്രഹാമും, ലഹരിയുടെ വിപത്ത് എന്ന വിഷയം വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചനയും അവതരിപ്പിച്ചു.
ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി അധ്യക്ഷത വഹിച്ച സെമിനാറിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഫില്ലമ്മ ജോസഫ്, ഗ്രാമപഞ്ചായത്തംഗം തോമസ് ജോസഫ്, സിഡിഎസ് ചെയർപേഴ്സൺ ടി.കെ. സുധർമ്മ, വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ. ദിവ്യ എന്നിവർ പ്രസംഗിച്ചു.