മതിൽ പൊളിച്ചു പുനർനിർമിക്കാൻ ഫണ്ടില്ലെന്ന് കളക്ടറെ അറിയിക്കും
1377096
Saturday, December 9, 2023 11:23 PM IST
മാവേലിക്കര: മതിൽ പൊളിച്ചു പുനർ നിർമിക്കാൻ ഫണ്ട് നഗരസഭയ്ക്ക് ഇല്ലെന്ന് കാര്യം രേഖാമൂലം ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനെ അറിയിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.
മാവേലിക്കര ഗവൺമെന്റ് ബോയ്സ് എച്ച്എസ്എസ് മൈതാനത്തെ ചുറ്റുമതിൽ അപകടഭീഷണിയിലാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ മതിൽ പൊളിച്ചു അടിയന്തരമായി പുനർനിർമിക്കാൻ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ ഉത്തരവ് ചർച്ച ചെയ്യുന്നതിന് ചേർന്ന കൗൺസിൽ യോഗത്തിൽ ഫണ്ട് സംബന്ധിച്ച് യാതൊരുവിധ നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും ഇതിനു ഫണ്ട് അനുവദിക്കാനാവില്ലെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചതായും നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുൻസിപ്പൽ എൻജിനിയർ കൗൺസിൽ യോഗത്തിൽ അറിയിച്ചു.
ഇതേത്തുടർന്ന് ഏറെ വാഗ്വാദങ്ങൾക്കു ശേഷം ചെയർമാൻ കൗൺസിലിന്റെ തീരുമാനമായി ഫണ്ടില്ലെന്ന കാര്യം കളക്ടറെ അറിയിക്കാമെന്നു പറഞ്ഞു കൗൺസിൽ യോഗം പിരിച്ചുവിട്ടു.