ഹരിതം കിഴങ്ങുവിള കൃഷിയുടെ വിളവെടുപ്പിന് തുടക്കമായി
1377093
Saturday, December 9, 2023 11:08 PM IST
മാന്നാർ: ഹരിതം കിഴങ്ങുവിള കൃഷിയുടെ വിളവെടുപ്പിന് തുടക്കമായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹരിതം കിഴങ്ങുവിള കൃഷിയുടെ വിളെടുപ്പ് ഉദ്ഘാടനം മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി നിർവഹിച്ചു.
മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മൂന്നു ഗ്രൂപ്പുകളായിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. 25000 രൂപയുടെ നടീൽ വസ്തുക്കളാണ് ഗ്രൂപ്പുകൾക്കു നൽകിയത്. ചേമ്പ്, ചേന, കാച്ചിൽ എന്നിവ ഇതിൽ ഉൾപ്പെടും. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ അടുക്കളത്തോട്ടം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടീൽ വസ്തുക്കളുടെ കൃഷി നടപ്പിലാക്കിയത്.
വാർഡ് മെമ്പർ അജിത്ത് പഴവൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ എഡിഎസ് പ്രസിഡന്റ് മായാ സുരേഷ്, സിഡിഎസ് മെമ്പർ രാധ ഗോപി, സുശീല സോമരാജൻ, തുടങ്ങിയവർ പ്രസംഗിച്ചു.