ശതാബ്ദിയാഘോഷം: ദീപശിഖാ പ്രയാണം കോക്കമംഗലം പള്ളിയില്‍നിന്ന്
1377083
Saturday, December 9, 2023 10:59 PM IST
ചേര്‍ത്തല: എറണാകുളം-അങ്കമാലി അതിരൂപത സീറോ മലബാര്‍ സഭയുടെ ആസ്ഥാന അതിരൂപതയായി ഉയര്‍ത്തപ്പെട്ടതിന്റെ ശതാബ്ദി ആഘോഷ സമാപനം 10നു നടക്കും.
തൃക്കാക്കര ഭാരതമാതാ കോളജിലെ സമാപനവേദിയില്‍ സ്ഥാപിക്കുന്നതിനായി എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രപ്രാധാന്യമുള്ള ഏഴ് ദേവാലയങ്ങളില്‍നിന്നു ദീപശിഖ, വിശുദ്ധകുരിശ്, തോമാശ്ലീഹായുടെ ഛായാചിത്രം, പതാക, മാര്‍ അഗസ്റ്റിന് കണ്ടത്തില്‍ പിതാവിന്റെ ഛായാചിത്രം, വിശുദ്ധഗ്രന്ഥം, ജൂബിലിത്തിരി എന്നിവ ഏഴു പ്രയാണങ്ങളായാണ് എത്തിച്ചേരുന്നത്.
ആഘോഷങ്ങള്‍ക്കായുള്ള ദീപശിഖാ പ്രയാണം വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്‍ശംകൊണ്ട് പവിത്രമായ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍നിന്ന് ആരംഭിക്കും. 10നു രാവിലെ 7.45 ന് പള്ളി വികാരി ഫാ.ആന്റണി ഇരവിമംഗലം ദീപം തെളിക്കും.
ജോസഫ് ആന്റണി നയിക്കുന്ന ദീപശിഖ പ്രയാണം ലിസ്യൂനഗര്പള്ളി, ചേര്‍ത്തല മുട്ടം ഫൊറോനപള്ളി, നെടുമ്പ്രക്കാട് പള്ളി, തിരുനല്ലൂര്‍ പള്ളി, ഒറ്റപ്പുന്ന പള്ളി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പള്ളിപ്പുറം ഫൊറോന പള്ളിയില്‍ 11.30ന് എത്തിച്ചേരും. തുടര്‍ന്ന് പള്ളിപ്പുറം ഫൊറോനപള്ളിയില്‍ സൂക്ഷിച്ചിട്ടുള്ള പൗരാണികമായ വിശുദ്ധ കുരിശിന്റെ ചിത്രവും വഹിച്ചുള്ള വാഹജാഥയോടൊപ്പം ചേര്‍ന്ന് തൃക്കാക്കര ഭാരതമാതാ കോളജിലേക്ക് പ്രയാണം തുടരും.
ഉച്ചയ്ക്ക് 2.30 ന് പ്രയാണം സമ്മേളന നഗരിയിലെത്തും. കോക്കമംഗലം പള്ളിയില്‍നിന്നുള്ള ദീപശിഖ പ്രയാണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷകമ്മിറ്റിയുടെ തെക്കന്‍ മേഖലാ കോ-ഓര്‍ഡിനേറ്റര്‍ റോക്കി തോട്ടുങ്കല്‍, സെക്രട്ടറി ഏബ്രഹാം ജോസഫ്, പി.ഒ. ചാക്കോ, ടി.ജെ. വര്‍ഗീസ്, സി.ഇ. അഗസ്റ്റിന് എന്നിവര്‍ അറിയിച്ചു.