എസ്ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണി; ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ
1376906
Saturday, December 9, 2023 12:39 AM IST
ആലപ്പുഴ: ചെറിയനാട് വാടകയ്ക്കു താമസിക്കുന്ന ഇർഷാദ് അഹമ്മദിന്റെ മകൻ അബ്ദുൾ മനാഫ് (33) എന്നയാൾ മാന്നാർ എസ്ഐയാണെന്നു തെറ്റിധരിപ്പിച്ചും, കള്ളക്കേസിൽ കുടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പടുത്തിയും പണം തട്ടിയതിനു പോലീസ് കസ്റ്റഡിയിലായി. പലപ്പോഴായി 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ചെറിയനാട് വില്ലേജിൽ ചെറുവല്ലൂർ മുറിയിൽ ആലക്കോട്ട് കല്ലേലിൽ വീട്ടിൽ കൊച്ചുമോൻ (72) എന്നു വിളിക്കുന്ന സി.എം. ഫിലിപ്പിനെ കാണാതായതിനു വെണ്മണി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ഇയാളെ കണ്ടെത്തി, വീടുവിട്ടു പോകുന്നതിനുള്ള കാരണം ചോദിച്ചതിൽനിന്നുമാണ് ഇയാളെ അമ്പലപ്പുഴ വണ്ടാനം വില്ലേജിൽ നീർക്കുന്നം മുറിയിൽ കൊച്ചുപുരയ്ക്കൽ വീട്ടിൽനിന്നു ചെറിയനാട് കടയിക്കാട് മുറിയിൽ കൊച്ചുവീട്ടിൽ തെക്കേതിൽ വാടകയ്ക്ക് താമസിക്കുന്ന ഇർഷാദ് അഹമ്മദ് മകൻ അബ്ദുൾ മനാഫ് എന്നയാൾ പിടിയിലായത്.
മാന്നാർ എസ്ഐയാണെന്നു തെറ്റിധരിപ്പിച്ചും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പടുത്തിയും പലപ്പോഴായി 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് വിവരം. ഇയാളുടെ നിരന്തരഭീഷണിയും പണം ആവശ്യപ്പട്ടുകൊണ്ടുള്ള ഫോണ് കോളുകളും ഭയന്ന് വീടുവിട്ട് ആത്മഹത്യയുടെ വക്കിലെത്തിയ ഫിലിപ്പിനെ, പോലീസിന്റെ സമയോചിതമായ പ്രവർത്തനമാണ് സഹായമായത്. ഇയാളെ കാണ്മാനില്ലെന്ന പരാതി ലഭിച്ചതുമുതൽ ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ വെണ്മണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ നസീർ.എ, സബ് ഇൻസ്പെക്ടർ അരുണ്കുമാർ.എ എന്നിവരുൾപ്പെട്ട സംഘം അന്വേഷണത്തിലായിരുന്നു.
എന്നാൽ ഇടയ്ക്കിടെ ഇയാളുടെ ഫോണ് നിശ്ചലമായിരുന്നതിനാൽ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫലപ്രദമായിരുന്നില്ല. പീന്നീട് സംഘം തിരിച്ചുള്ള അന്വേഷണത്തിനൊടുവിൽ കോട്ടയത്തുനിന്നുമാണ് ഇയാളെ കണ്ടെത്തയത്. ഇയാളെ കോടതിയിൽ ഹാജരാക്കുന്നതിനായി മൊഴി രേഖപ്പെടുത്തിയതിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയും വെണ്മണി പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതി വ്യാജ സിഡി വിൽപ്പന, ബലാൽസംഗം, എസ്സി-എസ്ടി പീഡനം എന്നിവയ്ക്ക് ആലപ്പുഴ സൗത്ത്, നോർത്ത് പോലീസ് സ്റ്റേഷനുകളിലെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.