സംസ്ഥാനപാതയില്‍ സൗന്ദര്യവത്കരണ പദ്ധതി കാടുകയറിയ നിലയിൽ
1376566
Thursday, December 7, 2023 11:51 PM IST
എടത്വ: സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് നവീകരിച്ച അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ സൗന്ദര്യവത്കരണ പദ്ധതി കാടുകയറിയ നിലയില്‍. കാലാവധി അവസാനിച്ചിട്ടും നടപ്പാത നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. മുന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ സ്വപ്നപദ്ധതിയായിരുന്ന അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാത നിര്‍മാണം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്. 24.72 കിലോമീറ്റര്‍ റോഡ് നവീകരണത്തിന് ഒന്നാം ഘട്ടത്തില്‍ 70.75 കോടി രൂപ അനുവദിച്ചു. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തില്‍ റോഡ് ഉയര്‍ത്തി വീതികൂട്ടി നിര്‍മിക്കാനാണ് കരാര്‍ നല്‍കിയത്. 2020 ജനുവരി 15 ന് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മാണം പൂര്‍ത്തിയാക്കുകയും പരിപാലന കാലാവധി 2023 ജനുവരി 15 ന് അവസാനിക്കുകയും ചെയ്തിരുന്നു.
രണ്ടാംഘട്ടമായി ഓട, ഫുട്പാത്ത് നിര്‍മാണം, ബസ് കാത്തിരിപ്പ് കേന്ദ്രം, സൗന്ദര്യവല്‍ക്കരണം എന്നിവ ഉള്‍പ്പെടുത്തി 40.46 കോടി രൂപ അനുവദിച്ചു. ബഗോറ കണ്സ്ട്രഷന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്. 2022 ഡിസംബര്‍ ഒന്നിനു കരാര്‍ കാലാവധി അവസാനിച്ചു.
ഇതിനുശേഷം കേരള റോഡ് ഫണ്ട് ബോര്‍ഡ് റോഡ് ഏറ്റെടുത്തു. നിര്‍മാണ കമ്പനിയുടെ കരാര്‍ കാലാവധി അവസാനിച്ച് ഒരുവര്‍ഷം പിന്നിട്ടെങ്കിലും ഓടയുടേയും നടപ്പാതയുടേയും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഓടയുടെ അഭാവംമൂലം തലവടി പഞ്ചായത്ത് ജംഗ്ഷന് മഴക്കാലത്ത് മുട്ടോളം വെള്ളത്തില്‍ മൂടും. യാത്രക്കാര്‍ക്കു ബസില്‍ കയറാന്‍ പോലും കഴിയാത്ത അവസ്ഥയും വഴിയോര കച്ചവട സ്ഥാപനത്തിലേക്കു വെള്ളം ഇരച്ചു കയറുകയുമാണ് പതിവ്. ഇതേ അവസ്ഥയാണ് എടത്വ-ഹരിപ്പാട് റോഡില്‍ കോഴിമുക്ക് ജംഗ്ഷനിലെ അവസ്ഥയും. മഴ ശക്തി പ്രാപിക്കുമ്പോള്‍ ജംഗ്ഷനിലെ റേഷന്‍കട ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങും. ചെക്കിടിക്കാട് മില്‍മ ജംഗ്ഷനു കിഴക്കു വശത്തും ഇതേ അവസ്ഥയാണ്. മഴ പെയ്താല്‍ ഏതാനും വീടുകളുടെ പരിസരം വെള്ളത്തില്‍ മുങ്ങും.
തലവടി പഞ്ചായത്ത് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും ഓട്ടോ തൊഴിലാളികളും നാട്ടുകാരും സംയുക്തമായി പ്രതിഷേധം നടത്തിയിരുന്നു. ഓട നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് കേരളാ റോഡ് ഫണ്ട് ബോര്‍ഡ് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ആറുമാസം പിന്നിട്ടിട്ടും റോഡ് ഉയര്‍ത്താനോ ഓട നിര്‍മിക്കാനോ യാതൊരു നടപടിയും റോഡിന്റെ പരപാലന ചുമതലയുള്ള കേരളാ റോഡ് ഫണ്ട് ബോര്‍ഡ് സ്വീകരിച്ചില്ല. നടപാതയുടേയും അവസ്ഥ വ്യത്യസ്തമല്ല. എടത്വ ജംഗ്ഷനിലും പച്ച ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളിനു മുന്‍വശത്തും നടപ്പാത നിര്‍മാണം പൂര്‍ത്തിയാക്കിയില്ല. നടപ്പാത അവസാനിക്കുന്നതു കുറ്റിക്കാട്ടിലേക്കാണ്. സംസ്ഥാന പാതയില്‍ ഉടനീളം നടപ്പാതയോട് ചേര്‍ന്നുള്ള സ്ഥലങ്ങള്‍ ഉയര്‍ത്താന്‍ കിടക്കുകയാണ്.
റോഡ് നവീകരണത്തോടെ പൊളിച്ചുമാറ്റിയ സ്ഥലങ്ങളില്‍ പുതിയ കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചില്ല. മാമൂട്, കരുമാടി, കേളമംഗലം (2), പച്ച, ആനപ്രമ്പാല്‍, ഉണ്ടപ്ലാവ്, കാവുംഭാഗം എന്നീ സ്ഥലങ്ങളില്‍ മാത്രമാണ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചത്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെ സൗന്ദര്യവല്‍ക്കരണം എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയതല്ലാതെ ഒരിടത്തും പ്രാവര്‍ത്തികമായില്ല.
റോഡിന്റെ ഇരുവശങ്ങളും കാട് മൂടി നടപ്പാതപോലും കാ ണാന്‍ കഴിയാത്ത അവസ്ഥയാണ്. ചക്കുളത്തു പൊങ്കാല പ്രമാണിച്ച് ഏതാനും ഭാഗങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാട് വെട്ടിത്തെളിച്ചതല്ലാതെ ഭൂരിഭാഗം സ്ഥലങ്ങളിലും റോഡിലേക്ക് കാട് വളര്‍ന്ന് പന്തലിച്ച് കിടക്കുകയാണ്.