ശമ്പളവും പെൻഷനും തടയാൻ രഹസ്യ അജണ്ട: മാത്യു കുഴൽനാടൻ
1376563
Thursday, December 7, 2023 11:51 PM IST
ആലപ്പുഴ: സർക്കാരിനെതിരേയുള്ള ജനവികാരം ജീവനക്കാർക്കെതിരേ തിരിച്ചുവിടുന്നതിന്റെ ഭാഗമായി സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ ജീവനക്കാരുടെ ശമ്പളവും പെൻഷനും തടയാനുള്ള രഹസ്യ അജണ്ട നടപ്പാക്കാൻ സർക്കാർ നീക്കം നടത്തുന്നതായി കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു.
ജനുവരി 24ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് നടന്ന സമര പ്രഖ്യാപന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരും അധ്യാപകരും പ്രതിരോധം തീർത്തില്ലെങ്കിൽ കെഎസ്ആർടിസിയുടെ അവസ്ഥയിലേക്ക് ജീവനക്കാരന്റെ ശമ്പളവും മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ. എസ്. സന്തോഷ് അധ്യക്ഷനായി. വി. പി. ബോബിൻ മുഖ്യപ്രഭാഷണം നടത്തി. പി. വേണു, ജോസ് ഏബ്രഹാം, ജിജിമോൻ പൂത്തറ, ജില്ലാ ഭാരവാഹികളായ കെ. ഭരതൻ, എം. അഭയകുമാർ, പി. എസ്. സുനിൽ, പി. എസ്. അസെർ, അഞ്ജു ജഗദീഷ് തുടങ്ങിയവർ പ്രസംഗിച്ചു.