ഡിവൈഎഫ്ഐ ഗുണ്ടാസംഘമായി അധഃപതിച്ചു: രാഹുൽ മാങ്കൂട്ടത്തിൽ
1376561
Thursday, December 7, 2023 11:51 PM IST
ആലപ്പുഴ: പിണറായി ഭരണത്തിലെ ധൂർത്തിനും അഴിമതികൾക്കുമെതിരേ പ്രതികരിക്കുന്നവരെ ആക്രമിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ഡിവൈഎഫ് ഐ നടത്തുന്ന ഏകരാഷ്ട്രീയ പ്രവർത്തനമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ചുമതല ഏറ്റെടുക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഡംബര വാഹനത്തിൽ എത്ര പോലീസ് വലയത്തിൽ സഞ്ചരിച്ചാലും നാട്ടിലെ മുഴുവൻ ഡി വൈഎഫ്ഐ- സിപിഎം ഗുണ്ടകളും കാവൽനിന്നാലും ജനവിരുദ്ധനയങ്ങൾ തിരുത്താത്തിടത്തോളം പിണറായിക്ക് കേരളം മുഴുവൻ യൂത്ത് കോൺഗ്രസ് പ്രതിഷേധം നേരിടേണ്ടിവരും.
സംസ്ഥാനമൊട്ടാകെ സ്ത്രീധനവിപത്തിനെതിരേ യൂത്ത് കോൺഗ്രസ് കാമ്പയിൻ സംഘടിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു. ആധുനിക കാലത്തിന് അപമാനമായ സ്ത്രീധന വിപത്തിനെതിരേ ‘ഹൃദയപാതിക്ക് വിലയിടരുത്’ എന്നപേരിൽ സംസ്ഥാന വ്യാപകമായി പ്രചാരണം സംഘടിപ്പിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പുതിയ ജില്ലാ പ്രസിഡന്റായി എം.പി. പ്രവീണും മറ്റ് ജില്ലാ ഭാരവാഹികളും ചുമതല ഏറ്റെടുത്തു. രാവിലെ ക്വിറ്റ് ഇന്ത്യാ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയശേഷം പ്രകടനമായി ഡിസിസി ഓഫീസിൽ എത്തിയായിരുന്നു ചുമതലയേറ്റത്.
മുൻ ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, ദേശീയ സെക്രട്ടറി പുഷ്പലത, എബിൻ വർക്കി, അരിത ബാബു, സുബിൻ മാത്യു, മീനു സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.