പാറേൽ പള്ളിയിൽ അമലോത്ഭവ തിരുനാള്‍
1376560
Thursday, December 7, 2023 11:51 PM IST
ചങ്ങനാശേരി: പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ചങ്ങനാശേരി പാറേല്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ മുതല്‍ വൈകുന്നേരംവരെ തുടര്‍ച്ചയായി നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും തിരുക്കര്മങ്ങളിലും വിവിധ ദേശങ്ങളില്‍നിന്നുള്ള വിശ്വാസി സഹസ്രങ്ങള്‍ ഒഴുകിയെത്തും.
പ്രദക്ഷിണം നടക്കുന്ന സമയത്ത് റെയില്‍വേ ബൈപാസ് ജംഗ്ഷന് മുതല്‍ കുരിശുംമൂടുവരെ ഗതാഗതക്രമീകരണങ്ങള് ഏര്‍പ്പടുത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം വിശുദ്ധകുര്‍ബാനക്കുശേഷം പള്ളിയങ്കണത്തില്‍ നടന്ന ജപമാല പ്രദക്ഷിണത്തില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുചേര്‍ന്നു.
ഇന്നു രാവിലെ 5.30ന് അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, 7.15ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
9.30ന് തിരുനാള്‍ റാസ- ഫാ. ജോസഫ് പറത്താനം, ഫാ. ജോസഫ് പള്ളിച്ചിറയില്‍. 12ന് ഇടവകക്കാരായ വൈദികരും ഇടവകയില്‍ സേവനം ചെയ്ത വൈദികരും വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന- വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍.
വൈകുന്നേരം നാലിന് പ്രസുദേന്തി വാഴ്ച, 4.30ന് തിരുനാള്‍ കുര്‍ബാന, സന്ദേശം- ഫാ. ആന്‍സിലോ ഇലഞ്ഞിപ്പറമ്പില്‍, ആറിന് കുരിശുംമൂട് കവലയിലേയ്ക്ക് പ്രദക്ഷിണം- ഫാ. തോമസ് കല്ലുകളം സിഎംഐ കാര്‍മികനായിരിക്കും.