കാർഷിക ഉപകരണങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു
1376558
Thursday, December 7, 2023 11:51 PM IST
അമ്പലപ്പുഴ: കർഷകർക്കായി ലക്ഷങ്ങൾ മുടക്കി വാങ്ങിക്കൂട്ടിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ തുരുമ്പെടുത്തു നശിക്കുന്നു. അമ്പലപ്പുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലാണ് ഇവ നശിക്കുന്നത്.
ട്രാക്ടർ, ട്രില്ലറുകൾ ഉൾപ്പെടെ പതിനായിരങ്ങൾ വില വരുന്ന നിരവധി കാർഷിക ഉപകരണങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. കർഷകർക്കും പാടശേഖര സമിതികൾക്കും നൽകാനായി കൃഷിവകുപ്പ് സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചു വാങ്ങിയ ഉപകരണങ്ങളാണ് ആർക്കും നൽകാതെ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഉപകരണങ്ങളും ഇക്കൂട്ടത്തിലുണ്ട്. കൃഷിവകുപ്പിൽനിന്ന് ഇവ ലഭ്യമാകാതെ വന്നതോടെ കൂടിയ നിരക്കിൽ വാടകയ്ക്കെടുത്താണ് കർഷകർ ഉപകരണങ്ങൾ വാങ്ങുന്നത്.
കർഷകർക്ക് ഈ ഉപകരണങ്ങൾ നൽകണമെന്ന് കാർഷിക വികസനസമിതി യോഗത്തിൽ നിരവധി കർഷകർ പല തവണ ആവശ്യപ്പെട്ടെങ്കിലും കൃഷിവകുപ്പുദ്യോഗസ്ഥർ ഇതുവരെ ഇത് കേട്ടിട്ടില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഉപകരണങ്ങളാണ് ഇവിടെ പാഴായി കിടക്കുന്നത്.