നവകേരള സദസ് : ചേർത്തലയിൽ 30,000 പേർ പങ്കെടുക്കും
1376557
Thursday, December 7, 2023 11:51 PM IST
ചേർത്തല: ചേർത്തല നിയോജകമണഡലം നവകേരള സദസിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘാടകസമിതി അറിയിച്ചു. 14ന് വൈകുന്നേരം ആറിന് സെന്റ് മൈക്കിൾസ് കോളജ് അങ്കണത്തിൽ സജ്ജമാക്കുന്ന വിശാലമായ വേദിയിലാണ് സദസ്. പകൽ രണ്ടിന് നിവേദനം സ്വീകരിക്കലും കലാപരിപാടികളും തുടങ്ങും.
ഏഴു പഞ്ചായത്തുകളിലെയും നഗരസഭയിലെയും 30,000ൽപ്പരം പേർ പങ്കെടുക്കും. കോളജ് അങ്കണത്തിൽ 20 കൗണ്ടർ നിവേദനം സ്വീകരിക്കാൻ സജ്ജമാക്കും. മൂന്നുവീതം ഉദ്യോഗസ്ഥർ കൗണ്ടറുകളിലുണ്ടാകും. ഭിന്നശേഷിക്കാര്‍, വനിതകൾ, മുതിർന്നവർ എന്നിവർക്ക് പ്രത്യേക കൗണ്ടർ സജ്ജമാക്കും. നിവേദനത്തിൽ പേരും വിലാസവും മൊബൈൽഫോൺ നമ്പറും രേഖപ്പെടുത്തണം.
കൈപ്പറ്റ് രസീതിലെ നമ്പർ ഉപയോഗിച്ച് നിവേദനത്തിന്റെ നൽസ്ഥിതി ഓൺലൈനിൽ അറിയാം. പത്രസമ്മേളനത്തില്‍ സംഘാടകസമിതി വൈസ് ചെയർമാൻമാരായ വി.ജി. മോഹനൻ, എൻ.എസ്. ശിവപ്രസാദ്, കൃഷിമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എ. അരുൺകുമാർ, ജനറൽ കൺവീനർ ആശ സി. ഏബ്രഹാം, ജോയിന്റ് കൺവീനർ റെനി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.