മതമൈത്രിയാണ് സാമൂഹിക പുരോഗതിയുടെ അടിസ്ഥാനം: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
1376555
Thursday, December 7, 2023 11:51 PM IST
കറ്റാനം: സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കാനും എല്ലാ മതസ്ഥരേയും സഹോദരങ്ങളായി കാണാനുള്ള തിരിച്ചറിവ് ഉണ്ടാകണമെന്നും മതമൈത്രിയാണ് സാമൂഹിക പുരോഗതിയുടെ അടിസ്ഥാനമെന്നും മലങ്കര സുറിയാനി കത്തോലിക്ക സഭ മാവേലിക്കര രൂപത അധ്യക്ഷൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത.
കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മാനവ സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂൾ പിടിഎ പ്രസിഡന്റ് ഗോപൻ ഭരണിക്കാവ് അധ്യക്ഷത വഹിച്ചു. വള്ളികുന്നം കടുവിനാൽ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഹാഫിൾ മുഹമ്മദ് അൽ ഖാസിമി, മംഗലശേരിൽ ഇല്ലം ഹരികൃഷ്ണൻ തിരുമേനി എന്നിവർ പ്രഭാഷണം നടത്തി. കറ്റാനം സെന്റ് സ്റ്റീഫൻസ് കത്തോലിക്കാപ്പള്ളി ട്രസ്റ്റി ഷാരോൺ സാമുവൽ, ഹെഡ് മാസ്റ്റർ ടി.കെ. സാബു, ജനറൽ കൺവീനർ സി.ടി. വർഗീസ്, സെലിൻ സ്കറിയ, ഷേർലി വർഗീസ്, റോയി ജോർജ് എന്നിവർ പ്രസംഗിച്ചു.