റോഡ് തകർന്നിട്ട് വർഷങ്ങൾ; തിരിഞ്ഞുനോക്കാനാളില്ല
1376554
Thursday, December 7, 2023 11:51 PM IST
അർത്തുങ്കൽ: ചേർത്തല തെക്ക് പഞ്ചായത്തിലെ കുഞ്ഞിത്തൈ മുതൽ അർത്തുങ്കൽ സെന്റ് ജോർജ് പള്ളി വരെയുള്ള റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുമൂലം ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരുമാണ് ദുരിതത്തിലായത്.
ആയിരംതൈ ജുമാമസ്ജിദ് മുതൽ ആയിരംതൈ വരെയും അവിടെനിന്നു സോണിയ ഓയിൽ മിൽസ് സെന്റ് ജോർജ് പള്ളി വരെ എല്ലായിടത്തും പൊട്ടിപ്പൊളിഞ്ഞു മെറ്റലുകൾ എല്ലാം പുറത്തുവന്ന അവസ്ഥയിലാണ്. ഏട്ടോളം സ്കൂൾ ബസുകൾ ഉൾപ്പെടെ മറ്റ് ധാരാളം സ്വകാര്യവാഹനങ്ങൾ ഇതുവഴി പോകാറുണ്ട്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ ചുമതലയിലാണ് നിലവിൽ റോഡുള്ളത്.
2008ൽ റോഡിന്റെ ഒരുഭാഗം ഗ്രാമസഭ യോജനയിൽപ്പെടുത്തി ടാർ ചെയ്തിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നടത്തിയ അറ്റകുറ്റപ്പണിയല്ലാതെ പൂർണമായ റീ-ടാറിംഗ് ഉണ്ടായിട്ടില്ല. പുതുതായി ടാറിംഗ് ജോലികൾക്കായി ഇതുവരെ പഞ്ചായത്ത് വിജ്ഞാപനം ഇറക്കിയിട്ടില്ല.
ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് പ്രധാന റോഡിലെ തിരക്ക് ഒഴിവാക്കുവാന്‍ വളരെയധികം പ്രയോജനപ്പെടുന്ന ഈ റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്യാനുള്ള നടപടി ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.