വയോധിക കുത്തേറ്റു മരിച്ച സംഭവം: ഭർത്താവ് റിമാൻഡിൽ
1376287
Wednesday, December 6, 2023 11:01 PM IST
ചെങ്ങന്നൂർ: മുളക്കുഴയിൽ വീട്ടമ്മയായ വയോധിക കുത്തേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. മുളക്കുഴ പഞ്ചായത്ത് പിരളശേരി രണ്ടാം വാർഡിൽ അജയ് ഭവനിൽ രാധ(62)യെ കുത്തിക്കൊന്ന കേസിൽ ഇവരുടെ ഭർത്താവ് ശിവൻകുട്ടി (68)യാണ് റിമാൻഡിലായത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ നടന്ന കുടുംബകലഹം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പ്രതിയെ ഇന്നലെ വൈകിട്ട് ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി. ഇതിനു മുൻപായി പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തിയിരുന്നു.
കൊലയ്ക്ക് ഉപയോഗിച്ച കറിക്കത്തിയും വീടിനുള്ളിൽനിന്നു പോലീസ് കണ്ടെടുത്തു. സ്ഥിരം മദ്യപാനിയായ ശിവൻകുട്ടി ഭാര്യമായി വഴക്കുകൂടുന്നതും ദേഹോപ്രദ്രവം ഏൽപ്പിക്കുന്നതും പതിവായിരുന്നു. രാധയെ മർദിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ മുമ്പൊരിക്കൽ ശിവൻകുട്ടിയുടെ പേരിൽ കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടുള്ളതാണെന്നു പോലിസ് പറഞ്ഞു. സിഐ വിപിന്‍, എസ്ഐമാരായ ശ്രീജിത്, രാജീവ്, അജിത് ഖാൻ സാം നിവാസ്, സിപിഒ അതുല്‍രാജ്, സിജു. എസ് എന്നിവർ തെളിവെടുപ്പിനു നേതൃത്വം നൽകി.
രാധയുടെ ശവസംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ നടത്തും. മക്കൾ: അജിത്ത് ശിവൻ, അജയ് ശിവൻ. മരുമക്കള്‍: സ്മൃതി, കൃഷ്ണ.