മാവേലിക്കരയിൽ വൻ നിരോധിത പുകയില ഉത്പന്നവേട്ട; നാൽപ്പതിനായിരം പാക്കറ്റ് ഹാൻസ് പിടികൂടി
1376286
Wednesday, December 6, 2023 11:01 PM IST
മാവേലിക്കര: തഴക്കരയിൽ ഒരു വീട്ടിൽനിന്ന് നാൽപ്പതിനായിരം പായ്ക്കറ്റ് ഹാൻസ് പിടികൂടി. സംഭവത്തിൽ തഴക്കര മഠത്തിൽപറമ്പിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പരുമല വാലുപറമ്പിൽ താഴ്ചയിൽ എം.ജെ. ജിജോ പിടിയിലായി.
രഹസ്യവിവരത്തെത്തുടർന്ന് നടന്ന റെയ്ഡിലാണ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് ചാക്കുകളിൽ കെട്ടി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഒരുവർഷമായി ഇദ്ദേഹം വീട് വാടകയ്ക്ക് എടുത്ത് ലഹരിമരുന്ന് സൂക്ഷിച്ച് വിൽപ്പന നടത്തിവരികയായിരുന്നു.
കേരളത്തിനു പുറത്തുനിന്നും ലഹരിവസ്തുക്കൾ ലോറിയിൽ ലോഡ് കണക്കിന് ഇറക്കി ശേഖരിക്കുകയായിരുന്നു. ഒരു പായ്ക്കറ്റിന് 20 രൂപയ്ക്ക് കിട്ടുന്ന ഹാൻസ് ഇയാൾ 50 രുപയ്ക്ക് ഹോൾസെയിലായും 80 രൂപയ് ക്ക് റീട്ടെയിലായും വിൽപ്പന നടത്തി വരികയായിരുന്നു.
2021-ലും ഇയാളെ ചാക്കുകണക്കിന് ഹാൻസുമായി പിടികൂടിയിരുന്നു.
ജില്ലയിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി മദ്യ- മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വർധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജില്ലയിൽ ഉടനീളം മയക്കുമരുന്ന് പരിശോധന ശക്തമാക്കാനുള്ള ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്ത െത്തുടർന്ന് ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ. എൽ. സജിമോന്റെ മേൽനോട്ടത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്ത്, എസ്ഐ ഉദയകുമാർ, സീനിയർ സിപിഒ രതീഷ്, സിപിഒമാരായ ബോധിൻ കൃഷ്ണ, സജീർ, വിജിത്ത്, ശാലിനി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. മാവേലിക്കര പോലീസ് പ്രതിക്കെതിരേ നിയമനടപടി സ്വീകരിച്ചു.