വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണം ഡൽഹിയിലും
1376285
Wednesday, December 6, 2023 11:01 PM IST
കായംകുളം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മുൻ എസ് എഫ്ഐ നേതാവ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിന് അഡ്മിഷൻ നേടിയ കേസിൽ സർട്ടിഫിക്കേറ്റിന്റെ ഉറവിടം തേടി ഡൽഹി കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നു.
കേസിൽ മുമ്പ് അറസ്റ്റിലായ തമിഴ്നാട് സ്വദേശി നാഗരാജ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഡൽഹിയിലെത്തിയ കായംകുളം പോലീസ് വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തുന്നത്.
എസ്ഐ ഉദയകുമാറും സംഘവുമാണ് അന്വേഷണം നടത്തുന്നത്. സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയത് ഡൽഹി സ്വദേശി സച്ചിൻ ആണെന്നായിരുന്നു തമിഴ്നാട് സ്വദേശി നാഗരാജ് നൽകിയ മൊഴി.
2021 ലാണ് സച്ചിൻ കലിംഗ സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ് നൽകിയതെന്നും ഒരു വർഷം മുമ്പ് സച്ചിൻ മരണപ്പെട്ടെന്നും നാഗരാജിന്റെ മൊഴിയിലുണ്ട്.
2022 ലാണ് വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറിയായിരുന്ന നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എം കോം പ്രവേശനം നേടിയത്.
കേസിൽ നിഖിൽ തോമസ് ഉൾപ്പടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ഇവരെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എങ്കിലും വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാലാണ് ഡൽഹിയിലും ഇത് സംബന്ധമായി പോലീസ് അന്വേഷണം നടത്തുന്നത്.