പണിപൂർത്തിയായി; രോഗികൾക്ക് ആശ്രയമാകാൻ കാത്ത് ആശുപത്രികെട്ടിടം
1376284
Wednesday, December 6, 2023 11:01 PM IST
അന്പലപ്പുഴ: നിർമാണം നീളുന്നതാണ് പലയിടത്തും പ്രശ്നമെങ്കിൽ ഇവിടെ നിർമാണം കഴിഞ്ഞ് ഉദ്ഘാടകനെയും കാത്ത് ആശുപത്രി കെട്ടിടം. പുർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ആശുപത്രി കെട്ടിടം തുറന്നുകൊടുക്കാതെയായതോടെ മദ്യപൻമാരുടെ താവളമായി മാറുന്നു.
തകഴി കുന്നുമ്മ ആയുർവേദാശുപത്രിക്കായി നിർമിച്ച കെട്ടിടത്തിനാണ് ഈ ദുരവസ്ഥ. 1975 ലാണ് കുന്നുമ്മയിൽ ആയുർവേദാശുപത്രി പ്രവർത്തനമാരംഭിച്ചത്. കാലപ്പഴക്കം കൊണ്ട് കെട്ടിടം ജീർണാവസ്ഥയിലായതോടെയാണ് ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിച്ചത്. നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഉദ്ഘാടനം നടന്നിട്ടില്ല.
ഇപ്പോൾ ഈ കെട്ടിടം മദ്യപൻമാരുടെ കേന്ദ്രമായി മാറി. കെട്ടിടത്തിന്റെ പരിസരമെല്ലാം മദ്യക്കുപ്പികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കെട്ടിടത്തിന്റെ പിന്നിൽ കാടു പിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറി. ഉദ്ഘാടനത്തിന് പല തവണ തീയതിയെടുത്തെങ്കിലും ഉദ്ഘാടനം നടക്കാത്തതിനാൽ ആശുപത്രി കെട്ടിടം രോഗികൾക്കായി തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ തൊട്ടടുത്ത് എൻഎസ്എസിന്റെ കെട്ടിടത്തിൽ വാടകയ്ക്കാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
പ്രതിദിനം നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിലെത്തിയിരുന്നത്. ഇപ്പോൾ പരിമിതമായ സൗകര്യത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. മന്ത്രിയെ ലഭിക്കാത്തതു കൊണ്ടാണ് ഉദ്ഘാടനം നീണ്ടുപോകുന്നതെന്നും ആക്ഷേപം.