ദമ്പതികളെ ആക്രമിച്ച് കവർച്ച: സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതം
1376283
Wednesday, December 6, 2023 11:01 PM IST
ചാരുംമൂട്: ചുനക്കര കോമല്ലൂരിൽ ദമ്പതികളെ ആക്രമിച്ച് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപയും 38 ഗ്രാം സ്വർണവും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്.
പിടികൂടാനുള്ള ശ്രമത്തിനിടെ ദമ്പതികളെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ചുനക്കര കോമല്ലൂർ ഈരിക്കൽ പുത്തൻവീട്ടിൽ അന്നമ്മ ജോണിന്റെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം കവർച്ച നടന്നത്.
ഇവരുടെ രണ്ടാമത്തെ മകൾ ലീനയുടെ ശസ്ത്രക്രിയയ്ക്കായി കരുതിവച്ച പണമാണ് കവർന്നത്. കഴിഞ്ഞദിവസം പുലർച്ചെ യായിരുന്നു സംഭവം. വീടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാവാം മോഷണം നടത്തിയതെന്ന സംശയത്തിലാണ് പോലീസ്. മാത്രമല്ല മോഷ്ടാവ് സന്ധ്യക്ക് മുമ്പുതന്നെ വീടിനുള്ളിൽ കയറി ഒളിച്ചിരുന്നതാകാമെന്നും പോലീസ് കരുതുന്നു.
മോഷണസമയത്തെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അന്നമ്മയുടെ രണ്ടാമത്തെ മകളായ ലീന തിരുവനന്തപുരത്താണ് താമസം. ലീനയ്ക്ക് തിരുവല്ലയിലെ സ്വകാര്യ ആശുപതിയിൽ ഉദര സംബന്ധമായ ഒരു ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞ ദിവസമാണ് ലീനയും ഭർത്താവ് സുജിത് ഡാനിയേലും കോമല്ലൂരിൽ എത്തിയത്. കഴിഞ്ഞദിവസം ആശുപത്രിയിൽ പോകാനിരിക്കവേയാണ് മോഷണം നടന്നത്.
മോഷ്ടാവിന്റെ ആക്രമണത്തിൽ ലീന (44), ഭർത്താവ് സുജിത് ഡാനിയേൽ (51 ) എന്നിവർക്ക് പരിക്കേറ്റിരുന്നു. സുജിത്തിന് തലയ്ക്കും ലീനയ്ക്ക് കൈവിരലിനുമാണു പരിക്കേറ്റത്. പ്രതിയെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കി വരികയാണെന്നും കുറത്തികാട് പോലീസ് പറഞ്ഞു.