ഓർമയാകുന്നത് കായൽരാജാവിന്റെ പ്രിയപ്പെട്ട ചെക്കർ
1376281
Wednesday, December 6, 2023 11:01 PM IST
ജോമോൻ കാവാലം
മങ്കൊമ്പ്: കായൽ രാജാവെന്നറിയപ്പെടുന്ന ജോസഫ് മുരിക്കന്റെ സന്തതസഹചാരിയും കായൽ നിലങ്ങൾ കുത്തിയെടുക്കുന്നതിൽ മേൽനോട്ടം വഹിച്ചവരിൽ പ്രധാനിയുമായ മത്തായി ദേവസ്യയുടെ ദേഹവിയോഗത്തോടെ ഓർമയാകുന്നത് ഒരു കാലഘട്ടത്തിന്റെയും കാർഷിക വിപ്ലവത്തിന്റെയും അവസാനത്തെ നേർസാക്ഷി.
യന്ത്രവത്്കരണം എത്തിനോക്കിയിട്ടില്ലാത്ത കാലഘട്ടത്തിൽ, തികച്ചും അസാധ്യമെന്നു കരുതിയിരുന്ന കായലിന്റെ ആഴങ്ങളിൽനിന്നും കൃഷി ഭൂമി രൂപപ്പെടുത്തിയെടുക്കുകയെന്നത് മനുഷ്യശേഷി കൊണ്ടുമാത്രം യാഥാർഥ്യമാക്കിയതിൽ പ്രഥാന പങ്കുവഹിച്ചയാൾ.
അത്യന്തം സാഹസികമായ ദൗത്യത്തിൽ പങ്കാളിയായവരിൽ ജീവിച്ചിരുന്ന അവസാനത്തെ കണ്ണിയാണ് കടന്നുപോകുന്നത്. ഒരു നൂറ്റാണ്ടിലേറെ കുട്ടനാടിന്റെ മണ്ണിൽ ജീവിച്ചു അഞ്ചു തലമുറകളുടെ ജീവിതശൈലികൾക്കു സാക്ഷ്യം വഹിച്ച അപൂർവ വ്യക്തിത്വം. കായലുകൾ കുത്തിയെടുക്കാനും തുടർന്ന് മലവെള്ളത്തെയും പ്രളയങ്ങളെയുമെല്ലാം അതിജീവിച്ചു കുട്ടനാട്ടിൽ കൃഷിയിറക്കി വിളവെടുക്കാനുമെല്ലാം മുരിക്കനൊപ്പം നിഴലായി കൂടെനിന്നിരുന്നയാൾ.
മുരിക്കനെന്ന മഹാപ്രതിഭയുടെ പ്രതാപകാലവും ഏറെ സങ്കടകരമായ എല്ലാം നഷ്ടമായ അവസ്ഥയ്ക്കും സാക്ഷ്യം വഹിച്ചയാൾ. കാർഷിക ഭൂമികയായ കുട്ടനാടിന്റെ ചരിത്രവും നിലവിലെ ദാരുണാവസ്ഥയും പ്രതിപാദിച്ചു ദീപിക പരമ്പര പ്രസിദ്ധീകരിച്ചപ്പോൾ മത്തായി ദേവസ്യയിൽനിന്നായിരുന്നു തുടക്കം.
പുറംബണ്ടു നിർമാണത്തിനും പിന്നീട് കൃഷി ജോലികൾക്കും മേൽനോട്ടം വഹിച്ചവരിൽ പ്രധാനിയായിരുന്നതിനാൽ കുട്ടനാട്ടുകാർക്കെന്നും ഇദ്ദേഹം ' ചെക്കർ ദേവസ്യാച്ച ' നായിരുന്നു. ഏഴു പതിറ്റാണ്ടിലേറെ കുട്ടനാടിന്റെ രാഷ്ട്രീയമേഖലയിൽ നിറസാന്നിധ്യം കൂടിയായിരുന്നു ദേവസ്യാച്ചൻ. കേരള രാഷ്്ട്രീയത്തിലെ എക്കാലത്തെയും തലയെടുപ്പുള്ള നേതാവ് കെ.എം. മാണിയുടെ എക്കാലത്തെയും വിശ്വസ്തൻ.
രാഷ്ട്രീയ കൂറുമാറ്റങ്ങൾ പലതുണ്ടായിട്ടും ഇദ്ദേഹം മാണിക്കൊപ്പം അടിയുറച്ചുനിന്നു. തൊണ്ണൂറാം വയസുവരെ ഈ രാഷ്ട്രീയ പ്രവർത്തനം യുവത്വത്തിന്റെ പ്രസരിപ്പിൽ തന്നെ തുടർന്നിരുന്നു. നൂറുവയസെന്നു പറയുന്നെങ്കിലും ഇതിലുമപ്പുറമാണ് പ്രായമെന്നു ഇദ്ദേഹത്തെ അടുത്തറിയാവുന്നവർ പറയുന്നു. മത്തായി ദേവസ്യ മൺമറയുമ്പോൾ അടയുന്നത് കുട്ടനാടിന്റെ ഒരു ചരിത്ര പുസ്തകമാണ്.