ദേശീയപാതയിൽ വെള്ളക്കെട്ട്; വള്ളമിറക്കി സമരം
1376280
Wednesday, December 6, 2023 11:01 PM IST
തുറവൂർ: ദേശീയപാതയിൽ വെള്ളക്കെട്ട് മൂലം ആളുകൾ ബുദ്ധിമുട്ടുവിവു. വെള്ളം മാറ്റാൻ വള്ളമിട്ട് സമരം നടത്തി യുവാവ് രംഗത്ത്. പിഡിപി സംസ്ഥാന കൗൺസിൽ അംഗം ഷാഹുൽ ഹമീദ് ആണ് വ്യത്യസ്ത സമരവുമായി എത്തിയത്. സഹായ ഹസ്തവുമായി മട്ടമ്മൽ എം.വി. സേവ്യറും കൂടി.
രാത്രിയോടെ കൂടുതൽ ആളുകൾ സമരത്തിന് എത്തി. ദേശീയപാതയിൽ ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് മുൻവശം കെട്ടിക്കിടക്കുന്ന മഴ വെള്ളം ഒഴുകിപ്പോകാൻ പറ്റാതെ കിടന്ന് മലിനജലമായി മാറി. സമീപത്തുള്ള ആരാധനാലയങ്ങളിലേക്കു ഭക്തജനങ്ങൾ ഈ മലിനജലം ചവിട്ടിയാണ് പോകുന്ന ത്. ഒരുവർഷം മുൻപ് ചന്തിരൂർ സെന്റ് മേരീസ് പള്ളി വികാരിയുടെ നേതൃത്വത്തിൽ വിശ്വാസികൾ സമരം ചെയ്ത് പ്രതിഷേധിച്ചിരുന്നു.
അതിനുശേഷം മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി കാര്യം ബോധ്യപ്പെടുകയും അടിയന്തരമായി കോൺക്രീറ്റ് ചെയ്ത് പ്രശ്നപരിഹാരം കാണാൻ എൻജിനിയർമാർക്ക് നിർദേശം നൽകിയിരുന്നു. അവിടെ ഒരു തട്ടിക്കൂട്ട് പരിപാടി നടത്തി എൻജിനിയർമാർ സ്ഥലം വിട്ടു. പ്രദേശം വാഹനങ്ങൾ ഓടിത്താഴ് ന്നുകിടക്കുന്നതിനാൽ സമീപത്തെ കാനകളിൽനിന്നുള്ള മലിനജലം ഒഴുകി ഈ പ്രദേശത്ത് എത്തുന്നതാണ് വെള്ളക്കെട്ടിനു കാരണം.
പിഡിപിയുടെ നേതൃത്വത്തിൽ മന്ത്രി റിയാസിനും പഞ്ചായത്ത് ഭരണാധികാരികൾക്കും ആരോഗ്യവകുപ്പിനും പരാതി നൽകിയെങ്കിലും പരിഹാരമാകാത്തതിനെത്തുടർന്നാണ് വള്ളത്തിലെ സമരവുമായി ഇറങ്ങിയതെന്ന് ഷാഹുൽ പറഞ്ഞു. പ്രശ്നപരിഹാരം കാണുന്നതുവരെ വള്ളത്തിൽ കഴിയും. രാത്രിയും പകലും വള്ളത്തിൽ കഴിയാനാണ് തീരുമാനിച്ചിരി ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെന്റ് മേരീസ് പള്ളിക്കു സമീപത്തെ വെള്ളകെട്ടിനു പരിഹാരമുണ്ടാക്കണമെന്നും കാന അടിന്തരമായി പുനർനിർമാണം നടത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും കേരള കോൺഗ്രസ്-എം) അരൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.