പണി പാതിവഴിയിൽ; റെയിൽവേ ഗേറ്റ് തുറന്നെങ്കിലും ആശങ്കയൊഴിയുന്നില്ല
1376279
Wednesday, December 6, 2023 11:01 PM IST
അമ്പലപ്പുഴ: അറ്റകുറ്റപ്പണിക്കുശേഷം റെയിൽവേ ഗേറ്റ് തുറന്നു കൊടുത്തെങ്കിലും വലിയ ദുരന്തമുണ്ടാകുമെന്ന ആശങ്കയിൽ യാത്രക്കാർ.
അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ക്രോസിലൂടെയുള്ള യാത്രയാണ് നടുവൊടിക്കുന്നത്. നവംബർ 23 നാണ് അഞ്ചു ദിവസത്തെ അറ്റകുറ്റപ്പണിക്കായി ഇവിടെ റെയിൽവേ ഗേറ്റടച്ചത്. എന്നാൽ ചക്കുളത്ത് കാവ് പൊങ്കാല കണക്കിലെടുത്ത് നേരത്തെ തന്നെ ഗേറ്റ് തുറന്നു കൊടുത്തു.
ഇതോടെയാണ് ഈ റൂട്ടിനെ ആശ്രയിക്കുന്ന ആയിരക്കണക്കിനു യാത്രക്കാർ ദുരിതത്തിലായത്. അറ്റകുറ്റപ്പണി പാതിവഴിയിലായതോടെ കൂറ്റൻ കല്ലുകൾ റോഡിനു മുകളിൽ പൊങ്ങി നിൽക്കുകയാണ്. ഇത് ഇതിലൂടെ പോകുന്ന ഇരുചക്രവാഹനക്കാരുടെ നടുവൊടിക്കുകയാണ്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളിലെത്തുന്ന സ്ത്രീകളാണ് വലയുന്നത്.
കൂടുതൽ ഇരുചക്രവാഹനങ്ങളും റോഡിൽ ഉയർന്നു നിൽക്കുന്ന കൂറ്റൻ കല്ലുകളിൽത്തട്ടി നിയന്ത്രണം വിടുന്നതും വാഹനങ്ങൾ റോഡിനു നടുക്ക് നിന്നുപോകുന്നതും പതിവ് കാഴ്ചയാണ്. ഇതു വലിയ അപകടങ്ങൾക്കും കാരണമാകുമെന്ന ആശങ്കയുയർത്തിയിട്ടുണ്ട്.
ചെറുവാഹനങ്ങളും ഇതിന്റെ ദുരിതമനുഭവിക്കുകയാണ്. പ്രതി ദിനം ദീർഘദൂര കെഎസ്ആർടിസി ബസുകളും ചരക്കു ലോറികളുമുൾപ്പെടെ നൂറുകണക്കിനു വാഹനങ്ങളാണ് ഈ സംസ്ഥാന പാതയെ ആശ്രയിക്കുന്നത്. എന്നിട്ടും യാത്രക്കാരുടെ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ് റെയിൽവേ.
കൂറ്റൻ കല്ലുകൾ ഇങ്ങനെ കിടക്കുന്നത് ഇവിടെ പ്രത്യേകിച്ചും രാത്രികാലങ്ങളിൽ വലിയ ദുരന്തത്തിന് വഴിവയ്ക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.