നഴ്സിംഗ് കോളജുകളിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : രണ്ടുപേർ അറസ്റ്റിൽ
1376095
Wednesday, December 6, 2023 12:25 AM IST
കായംകുളം: സംസ്ഥാനത്തെ വിവിധ നഴ്സിംഗ് കോളജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര തൊടി ഭാഗത്തുനിന്നും മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ഭാഗത്ത് കരുമാടകത്ത് സഹാലുദ്ദീൻ അഹമ്മദ് (26), തിരുവനന്തപുരം കടകംപള്ളി ആനയറ പുളിക്കൽ ഭാഗത്ത് അമ്പുഭവനം വീട്ടിൽ നിന്നും തിരുവനന്തപുരം തിരുവല്ലം നെല്ലിയോട് മേലേ നിരപ്പിൽ ഭാഗത്ത് കൃഷ്ണകൃപ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ബീന (44) എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത് .
കേരളത്തിലെ വിവിധ കോളജുകളിൽ നഴ്സിംഗിന് അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 93 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇവരെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ ബീന തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന ആളും മുമ്പ് തിരുവനന്തപുരത്ത് ഹീരാ കോളജ് ഓഫ് എൻജിനിയറിംഗിൽ അഡ്മിഷൻ മാനേജരായി ജോലി ചെയ്തിരുന്ന ആളുമാണ്.
പ്രൈവറ്റ് നഴ്സിംഗ് അസോസിയേഷൻ മെമ്പറായ മൂന്നാം പ്രതിയുടെ സഹായത്തോടെ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി യുടെ പേരിൽ വ്യാജമായുണ്ടാക്കിയ അലോട്ട്മെന്റ് മെമ്മോകളും സർക്കുലറുകളും മറ്റും അയച്ചാണ് കേസിലെ പരാതിക്കാരി വഴിയും മറ്റുമായി നിരവധി പേരിൽനിന്നും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയത്.
രണ്ടാം പ്രതിയായ ബീന സമാന കേസിൽ മാവേലിക്കരയിലും എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലും പോലീസിന്റെ പിടിയിലായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘം നിരവധി പേരെ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി പോലീസിന് സംശയമുണ്ട്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണി ന്റെ നിർദേശാനുസരണം കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ മേൽനോട്ടത്തിൽ കായംകുളം സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, എഎസ്ഐമാരായ റീന, ജയലക്ഷ്മി, പോലീസുകാരായ വിഷ്ണു, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.