ദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് മോഷണം; രണ്ടുലക്ഷവും 38 ഗ്രാം സ്വർണവും കവർന്നു
1376093
Wednesday, December 6, 2023 12:25 AM IST
ചാരുംമൂട്: ചുനക്കര കോമല്ലൂരിൽ വീടിനുള്ളിൽ കവർച്ച. അലമാരയിലും ബാഗിലും സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപയും 38 ഗ്രാം സ്വർണവും കവർന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ ദമ്പതികളെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ചുനക്കര കോമല്ലൂർ ഈരിക്കൽ പുത്തൻവീട്ടിൽ അന്നമ്മ ജോണിന്റെ വീട്ടിലായിരുന്നു കവർച്ച. ഇവരുടെ രണ്ടാമത്തെ മകൾ ലീനയുടെ ശസ്ത്രക്രിയയ്ക്കായി കരുതിവച്ച പണമാണ് കവർന്നത്.
ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. വീട്ടുകാർ ശബ്ദം കേട്ട് ഉണർന്ന് ലൈറ്റിട്ടപ്പോൾ മുറിക്കുള്ളിൽ നിൽക്കുന്ന മോഷ്ടാവിനെ കണ്ടു. ഉടൻതന്നെ ലീനയും ഭർത്താവ് സുജിത് ഡാനിയേലും ചേർന്ന് മോഷ്ടാവിനെ പിടിക്കൂടാൻ ശ്രമിച്ചെങ്കിലും കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. അന്നമ്മ ജോൺ ഒറ്റയ്ക്കാണ് താമസം. ഇവർക്ക് മൂന്നു പെൺമക്കളാണ്. മൂന്നുമക്കളെയും വിവാഹം ചെയ്ത് അയച്ചു. രണ്ടാമത്തെ മകൾ ലീന തിരുവനന്തപുരത്താണ് താമസം.
ലീനയ്ക്ക് തിരുവല്ലയിലെ സ്വകാര്യ ആശുപതിയിൽ ഉദരസംബന്ധമായ ഒരു ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞ ദിവസമാണ് ഭർത്താവ് സുജിത് ഡാനിയേലുമായി കോമല്ലൂരിൽ എത്തിയത്.
ഇന്നലെ ആശുപത്രിയിൽ പോകാനിരിക്കവെയാണ് മോഷണം നടന്നത്. പരിക്കേറ്റ ലീന (44), ഭർത്താവ് സുജിത് ഡാനിയേൽ (51) എന്നിവരെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുജിത്തിന് തലയ്ക്കും ലീനയ്ക്ക് കൈ വിരലിനുമാണ് പരിക്കേറ്റത്. കുറത്തികാട് പോലീസും ആലപ്പുഴയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലെത്തി പരിശോധന നടത്തി. കുറത്തികാട് പോലീസ് അന്വേഷണം ഊർജിതമാക്കി.