മാന്നാറിൽ അവിശ്വാസം, ബിജെപി നിർണായകം
1376090
Wednesday, December 6, 2023 12:25 AM IST
മാന്നാർ: പഞ്ചായത്ത് പ്രസിഡന്റിനെതിരേ യുഡിഎഫ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകി. മാന്നാർ പഞ്ചായത്തിലെ പദ്ധതി പ്രവർത്തനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരിയുടെ നടപടിക്കെതിരേയാണ് യുഡിഎഫ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. സുജിത്ത് ശ്രീരംഗം പ്രമേയ അവതാരകനും അജിത്ത് പഴവൂർ അനുവാദകനുമായുള്ള അവിശ്വാസ പ്രമേയ നോട്ടീസിൽ യുഡിഎഫിന്റെ മറ്റ് പഞ്ചായത്തംഗങ്ങളായ മധു പുഴയോരം, വി.കെ. ഉണ്ണികൃഷ്ണൻ, വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, ഷൈന നവാസ്, കെ. സി. പുഷ്പലത എന്നിവർ ഒപ്പിട്ടിട്ടുമുണ്ട്.
18 അംഗ ഭരണസമതിയിൽ എൽഡിഎഫ് ഒൻപത്, യുഡിഎഫ് എട്ട്, ബിജെപി ഒന്ന് എന്ന തരത്തിലായിരുന്നു കക്ഷിനില. കോൺഗ്രസിൽനിന്ന് കൂറുമാറി എൽഡിഎഫിൽ എത്തി വൈസ് പ്രസിഡന്റായ സുനിൽ ശ്രദ്ധേയത്തെ കഴിഞ്ഞ ആഴ്ചയിൽ ഇലക്ഷൻ കമ്മീഷൻ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു.
ഇതോടെയാണ് മാന്നാറിൽ അവിശ്വാസത്തിന് കളമൊരുങ്ങിയത്. നിലവിൽ എൽഡിഎഫ് എട്ട്, യുഡിഎഫ് എട്ട്, ബിജെപി ഒന്ന് എന്ന രീതിയിലാണ് കക്ഷിനില. ബിജെപിയും അവിശ്വാസത്തെ പിൻതുണയ്ക്കുമെന്നാണ് അറിയുന്നത്.