വ്യത്യസ്ത അപകടങ്ങൾ; മുന്‍ ഡിജിപിയുടെ കാറും അപകടത്തിൽപ്പെട്ടു
1376088
Wednesday, December 6, 2023 12:25 AM IST
എടത്വ: പച്ചയിലും എടത്വയിലും നടന്ന വ്യത്യസ്ത അപകടത്തില്‍ നാലു പേര്‍ക്ക് പരിക്ക്. നായ കുറുകെ ചാടി ബൈക്ക് യാത്രക്കാരായ അച്ചനും മകനും ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ചുമാണ് നാലു പേര്‍ക്ക് പരിക്കേറ്റത്. ദമ്പതികളെ ഇടിച്ച ടിപ്പര്‍ ലോറി നിര്‍ത്താതെ പോയതായി പരാതിയുണ്ട്. മറ്റൊരപകടത്തില്‍ മുന്‍ ഡിജിപി ആര്. ശ്രീലേഖ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചെങ്കിലും യാത്രക്കാര്‍ പരിക്ക് കൂടാതെ രക്ഷപെട്ടു.
ഇന്നലെ രാവിലെ ആറിന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ പച്ച ഹയര്‍ സെക്കന്ററി സ്കൂളിനു മുന്നില്‍ റോഡിനു കുറുകെ ചാടിയ നായയെ ബൈക്ക് ഇടിച്ചുമറിഞ്ഞാണ് തകഴി കുന്നുമ്മ സ്വദേശികളായ അച്ഛനും മകനും പരിക്കേറ്റത്. മുഖത്തും തലയ്ക്കും പരിക്കേറ്റ യാത്രക്കാരെ പച്ചയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയ റോണി കൊഴുപ്പക്കളം, ജിജി ചുടുകാട്ടില്‍ എന്നിവരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
8.15 ന് ചെക്കിടിക്കാട് മില്‍മ ജംഗ്ഷനു സമീപം മുന്‍ ഡിജിപി ആര്. ശ്രീലേഖ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു.
ഇരുകാറുകള്‍ക്കും കേടുപറ്റിയെങ്കിലും യാത്രക്കാര്‍ പരിക്ക് ഏല്ക്കാതെ രക്ഷപെട്ടു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് ആര്. ശ്രീലേഖയുടെ കാര്‍ അപകടത്തില്‍പെട്ടത്.
മറ്റൊരു വാഹനം എത്തിച്ചാണ് മുന്‍ ഡിജിപി പോയത്. എടത്വ പാലക്കളത്തില്‍ പാലത്തിന് സമീപം തോട്ടപ്പള്ളി സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
ഇരുവരേയും വണ്ടാനം മെഡിക്കന്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അപകടത്തിന് ശേഷം ടിപ്പര്‍ ലോറി നിര്‍ത്താതെ പോയതായും പരാതിയുണ്ട്.