നാഷണൽ ഹൈവേ: അശാസ്ത്രീയ നിർമാണം തടസപ്പെടുത്തുമെന്ന് കോൺഗ്രസ്
1375892
Tuesday, December 5, 2023 12:27 AM IST
അമ്പലപ്പുഴ: നാഷണൽ ഹൈവേയുടെ അശാസ് ത്രീയമായ നിർമാണപ്രവർത്തനം തടസപ്പെടുത്തുമെന്ന് കോൺഗ്രസ്. ചരിത്രപ്രാധാന്യമുള്ള അമ്പലപ്പുഴയെ രണ്ടാക്കി മുറിച്ച് മേൽപ്പാലം 35 മീറ്റർ നീളത്തിലുള്ള സ്പാനിലൊതുക്കി ബാക്കി ഭാഗം കെട്ടിയടയ്ക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നടപടിയിൽനിന്നു പിൻമാറിയില്ലെങ്കിൽ ഹൈവേയുടെ അശാസ് ത്രീയമായ നിർമാണ പ്രവർത്തനം തടസപ്പെടുത്തുന്നതടക്കമുള്ള സമര പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എസ്. ദീപു പ്രസ്താവിച്ചു.
അമ്പലപ്പുഴയിലെ മേൽപ്പാലത്തിന്റെ നിലവിലെ അലൈൻമെന്റ് മാറ്റുക, തൂണുകളിലൂടെ ഉള്ള മേൽപ്പാലം നിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് അമ്പലപ്പുഴ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂട്ട ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ടൗൺ മണ്ഡലം പ്രസിഡന്റ് വി. ദിൽജിത്ത് അധ്യക്ഷത വഹിച്ചു.
അമ്പലപ്പുഴയിൽ നടക്കുന്നത് അശാസ്ത്രീയമായ നിർമാണ പ്രവൃത്തികൾ ആണെന്ന് മനസിലായപ്പോൾത്തന്നെ പൊതുജന പങ്കാളിത്തത്തോടെ കേന്ദ്ര സർക്കാരിന് കോൺഗ്രസ് ഭീമ ഹർജി സമർപ്പിച്ചിരുന്നു. അഡ്വ. ആർ. സനൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് ടി.എ ഹാമിദ്, ബിന്ദു ബൈജു, എം. സോമൻപിള്ള, സി. ശശികുമാർ, എം. ബൈജു, സീനോ വിജയരാജ്, എൻ. ഷിനോയ്, ഉദയമണി സുനിൽ, എം. എ. ഷഫീഖ്, അനുരാജ് അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.