സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തും ബാലറ്റുമായി വിദ്യാർഥികൾ
1375891
Tuesday, December 5, 2023 12:27 AM IST
കായംകുളം: പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽ വിദ്യാർഥികൾക്ക് ആവേശമായി നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വേറിട്ടതായി. കറ്റാനം പോപ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുപ്പാണ് പൊതുതെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നടത്തിയത്.
പ്രത്യേകം ക്രമീകരിച്ച പോളിംഗ് ബൂത്തിൽ ക്യൂ പാലിച്ചുനിന്ന് ബാലറ്റിലൂടെയാണ് വിദ്യാർഥികൾ വോട്ട് രേഖപ്പെടുത്തിയത്. വിദ്യാലയത്തിലെ വിവിധ സംഘടനകളിൽനിന്നുള്ള വിദ്യാർഥികളാണ് തെരഞ്ഞെടുപ്പ് പൂർണമായും നടത്തിയത്. വോട്ട് രേഖപ്പെടുത്തിയ വിദ്യാർഥികളുടെ വിരലിൽ മഷി പുരട്ടുകയും ചെയ്തു.
മത്സരാർഥികളിൽനിന്നു നാമനിർദേശപത്രിക വാങ്ങുകയും സൂക്ഷ്മപരിശോധനയ്ക്കു ശേഷം ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. വോട്ടേഴ്സ് ലിസ്റ്റ്, ബാലറ്റ് പേപ്പർ, വോട്ടിംഗ് കംപാർട്ട്മെന്റ്, സ്ട്രോംഗ് റൂം തുടങ്ങിയവ സജ്ജീകരിക്കുകയും വിദ്യാർഥികൾ തന്നെ പോളിംഗ് ഓഫീസേഴ്സ്, ഏജന്റ്, പ്രിസൈഡിംഗ് ഓഫീസർ തുടങ്ങിയ റോളുകൾ നിർവഹിക്കുകയും ചെയ്തു.
കുട്ടികൾത്തന്നെ തുടർന്നുള്ള എല്ലാ വോട്ടിംഗ് പ്രക്രിയകളും പൂർത്തിയാക്കുകയും റിസൽറ്റ് പ്രഖ്യാപിക്കുകയും ചെയ്തു. 6 ബൂത്തുകളിലായി 970 വിദ്യാർഥികൾ ഈ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി. ഭരണിക്കാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പി. മാത്യു, പിടിഎ പ്രസിഡന്റ് ഗോപൻ ഭരണിക്കാവ്, ഹെഡ് മാസ്റ്റർ സാബു ടി. കെ, അധ്യാപകരായ ഷൈല മാത്യു, വിപിൻ രാജു, സാൻ ബേബി, റോയ് ജി, മോനു ജി. സ്കറിയ എന്നിവർ പ്രസംഗിച്ചു.