കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍
1375889
Tuesday, December 5, 2023 12:27 AM IST
അമ്പലപ്പുഴ: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ മര്ദി ച്ച സിപിഎം ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍. അമ്പലപ്പുഴ കോമന കോയിക്ക പുത്തന്‍വീട്ടില്‍ പ്രശാന്ത് എസ്. കുട്ടി (37) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 12 ഓടെ പായല്കുളങ്ങരയിലായിരുന്നു സംഭവം. പാലക്കാട് നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍ പ്രതീപ്കുമാര് (39), കണ്ടക്ടര്‍ അരുണ്‍ (30) എന്നിവരെയാണ് മര്‍ദിച്ചത്. വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പോലീസിലെ കോണ്‍സ്റ്റബിള്‍ ജോസഫിനെയും കൈയേറ്റം ചെയ്തു.
കാറില്‍ ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന പ്രശാന്ത് എസ്. കുട്ടിയും കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാഹനം മറികടക്കുന്നതിനെ ചൊല്ലി പറവൂരില്‍ വാക്കു തര്‍ക്കമുണ്ടായി. വണ്ടാനത്ത് ബസ് നിര്‍ത്തിയപ്പോഴും കാറില്‍ പിന്തുടര്ന്നെത്തി ഇയാളും ഡ്രൈവറുമായി വാക്കേറ്റമുണ്ടായി.
ഇതിനിടെ ഫോണില്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പായല്‍കുളങ്ങര പെട്രോള്‍ പമ്പിന് സമീപത്ത് കാര്‍ വട്ടമിട്ട് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയ കണ്ടക്ടറെയും മര്‍ദിച്ചു. സംഘര്‍ഷത്തിനിടെ സിപിഎം നേതാവിനും മര്‍ദനമേറ്റു. വിവരമറിഞ്ഞെത്തിയ സിപിഒ ജോസഫിനെയും ഇയാള്‍ കൈയേറ്റം ചെയ്യുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറും കണ്ടക്ടറും ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പ്രശാന്ത് എസ്. കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സതേടി. യാത്രക്കാര്‍ മറ്റ് ബസുകളില്‍ യാത്രതുടര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ തിരുവനന്തപുരത്ത് എത്തേണ്ട ബസ് രാവിലെ 10 ഓടെയാണ് എത്തിയത്.
തുടക്കത്തില്‍ നിസാര കേസ് ചുമത്താനായിരുന്നു അമ്പലപ്പുഴ പോലീസ് ശ്രമിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, സേനക്കിടയില്‍ ഇത് അമര്‍ഷത്തിന് വഴിയൊരുക്കി. പിന്നീടാണ് ഡ്രൈവറെ മര്‍ദിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ബസ് തടഞ്ഞതിനുമെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ കസ്റ്റഡിയില്‍ കഴിയുകയാണ് സിപിഎം നേതാവ്.