പോലീസിന്റെ തലയടിച്ച് പൊളിച്ച യുവാവ് പിടിയിൽ
1375888
Tuesday, December 5, 2023 12:27 AM IST
മാന്നാർ: പരാതി അന്വേഷിക്കാനെത്തിയ മാന്നാർ സ്റ്റേഷനിലെ സി പിഒ യുടെ തലയടിച്ച് പൊട്ടിച്ചു. സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലാക്കി.
എണ്ണക്കാട്, പൈവള്ളി തോപ്പിൽ രുധിമോനെ(40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ദിനീഷ് ബാബുവിന്റെ തലയാണ് ഇയാൾ അടിച്ചുപൊട്ടിച്ചത്.
പ്രതി വീട്ടുകാരെ മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിക്കു ന്നതായി 112ൽ വിളിച്ചു പറഞ്ഞതസരിച്ച് അന്വേഷിക്കാനാണ് പോലീസ് എത്തിയത്. പോലീസുകാർ ഇയാളെ അനുനയിപ്പിച്ച് കയ്യിൽ ഉണ്ടായിരുന്ന വാക്കത്തി താഴെയിടീച്ചു. തുടർന്ന് ലോഹ്യത്തിൽ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ഒരുങ്ങുമ്പോൾ ഇയാൾ കുതറി ഓടി. വീടിനുള്ളിലേക്കു കയറിപ്പോയ ഇയാൾ തിരിച്ചുവന്ന് ചപ്പാത്തി ഉണ്ടാക്കുന്ന തടിപ്പലക കൊണ്ട് പോലീസുകാരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ പോലീസുകാരനെ ഒപ്പമുണ്ടായിരുന്നവർ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.