എസി കനാൽ പഠനറിപ്പോർട്ട്: ജനകീയ ചർച്ച വേണമെന്ന്
1375886
Tuesday, December 5, 2023 12:27 AM IST
മങ്കൊമ്പ്: എസി കനാൽ തുറക്കുന്നതുമായി ബന്ധപ്പെട്ട ഐഐടി റിപ്പോർട്ട് മലയാളത്തിൽ പ്രസിദ്ധീകരിച്ച് വ്യാപകമായ ജനകീയ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് എസി കനാലും കുട്ടനാട്ടിലെ നീരൊഴുക്കും എന്ന വിഷയത്തിൽ ശാസ്ത്ര സാഹിത്യ പരിഷത് സംഘടിപ്പിച്ച റൗണ്ട് ടേബിൾ ഡിസ്കഷൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ അറിവും അനുഭവവും വിദഗ്ധരുടെ ശാസ്ത്രീയ ജ്ഞാനവും സമഗ്രമായി സമ്മേളിക്കുമ്പോൾ മാത്രമേ ഏതൊരു വികസനവും ജനകീയമാകൂ എന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ അഭിപ്രായപ്പെട്ടു.
ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ ചർച്ചകൾ വിലയിരുത്തി ക്രോഡീകരിച്ച് വിദഗ്ധരുടെ മുൻപിൽ അവതരിപ്പിക്കണം. വികസന കാര്യത്തിൽ ജനങ്ങളുടെ സാമാന്യയുക്തിയെ മാത്രമോ, വിദഗ്ധരുടെ ജനജീവിതം കാണാതെയുള്ള ശാസ്ത്രയുക്തിയെ മാത്രമോ ആശ്രയിക്കുന്നത് അപകടരമയാ ഫലങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്ര സാഹിത്യ പരിഷത്ത് കുട്ടനാട് മേഖല പ്രസിഡന്റ് അഗസ്റ്റിൻ ജോസ് അധ്യക്ഷത വഹിച്ചു. തോമസ് കെ. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സി.കെ. സദാശിവൻ, എം.വി. പ്രിയ. ആർ. രാജേന്ദ്രകുമാർ, എം.എസ്. ശ്രീകാന്ത്, ടി.ജി. ജലജകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.