സൂപ്പർ മാർക്കറ്റിൽ അക്രമം: പ്രതി പിടിയിൽ
1375884
Tuesday, December 5, 2023 12:26 AM IST
മാന്നാർ: സൂപ്പർ മാർക്കറ്റിൽ കയറി ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ചെന്നിത്തല പുത്തുവിള പടിക്കു സമീപമുള്ള എൻആർസി സൂപ്പർ മാർക്കറ്റിൽ പട്ടാപ്പകൽ ജീവനക്കാരിയെ ആക്രമിക്കുകയും സൂപ്പർ മാർക്കറ്റിന് നാശം വരുത്തുകയും ചെയ്ത കേസിലെ പ്രതിയെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.
ചെന്നിത്തല പുത്തൻകോട്ടക്കകം കോയിക്കൽ പടീറ്റതിൽ ശിവൻകുട്ടിയുടെ മകൻ പ്രശാന്താ (27)ണ് പോലീസ് പിടിയിൽ. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചെന്നിത്തല പുത്തുവിളപടിയിലുള്ള എൻആർസി സൂപ്പർ മാർക്കറ്റിന്റെ ഓഫീസിൽ അതിക്രമിച്ചു കയറിയ പ്രതി ജീവനക്കാരി എസ്. രാജശ്രീയുടെ മുഖത്തടിക്കുകയും മേശവലിപ്പ് തുറന്നു നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തത്. മൂക്കിൽ നിന്നു രക്തം വാർന്ന യുവതിയെ കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി സൂപ്പർ മാർക്കറ്റ് ഉടമ രാജേഷ് പറഞ്ഞു.
മറ്റുള്ള ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപെടുകയായിരുന്നു തുടർന്ന് യുവതിയും സൂപ്പർ മാർക്കറ്റ് ഉടമയും പോലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാന്നാർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.