ഇനിയും കാത്തിരിക്കണം, എടത്വ ജംഗ്ഷനിലെ യാത്രക്കാർ പെരുവഴിയിൽ
1375883
Tuesday, December 5, 2023 12:26 AM IST
എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ എടത്വ ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിന് ഇനിയും കാത്തിരിക്കണമെന്നു വിവരാവകാശരേഖ. കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടിവ് എൻജിനിയര്‍ കാര്യാലയത്തില്‍നിന്ന് എടത്വ വികസനസമിതി ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുളയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് വ്യക്തമാക്കുന്നത്.
സംസ്ഥാനപാത നവീകരണത്തിന്റെ രണ്ടാംഘട്ടമായി നടപ്പാത നിര്‍മാണം, സൗന്ദര്യവത്കരണം, കാത്തിരിപ്പ് കേന്ദ്രം എന്നിവ ഉള്‍പ്പെടുത്തി 46.40 കോടി രൂപ അനുവദിച്ചിരുന്നു. ബഗോറ കണ്സ്ട്രഷന് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്ത കരാര്‍ 2022 ഡിസംബര്‍ ഒന്നിന് അവസാനിച്ചു. പരിപാലന കാലാവധി 2025 ഡിസംബര്‍ ഒന്നു വരെ നല്‍കിയിട്ടുണ്ട്.
രണ്ടാംഘട്ട പ്രവര്‍ത്തിയില്‍ എസ്റ്റിമേറ്റ് പ്രകാരം എട്ട് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ഇനിയും അവശേഷിക്കുന്നില്ലെന്നും രേഖയില്‍ വ്യക്തമാക്കുന്നു.
വിവരാവകാശ രേഖ
മാമൂട്, കരുമാടി, കേളമംഗലം (2), പച്ച, ആനപ്രമ്പാല്‍, ഉണ്ടപ്ലാവ്, കാവുംഭാഗം എന്നി സ്ഥലങ്ങളിലാണ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്. ഈ എസ്റ്റിമേറ്റില്‍ എടത്വ ടൗണിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.
എടത്വ ജംഗ്ഷനില്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിനിയർക്കു വികസന സമിതി ഭാരവാഹികള്‍ നിവേദനം നല്‍കിയിരുന്നു.
തണല്‍ മരവും വെട്ടി
നൂറുകണക്കിനു തീര്‍ഥാടകരെത്തുന്ന സെന്റ് ജോര്‍ജ് ഫൊറോന പള്ളി, സെന്റ് അലോഷ്യസ് കോളജ് ഉള്‍പ്പെടെ ഏഴ് സ്കൂളുകള്‍, ഐടിഐ., ബാങ്കുകള്‍, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം സ്ഥിതിചെയ്യുന്ന ടൗണില്‍ കാത്തിരിപ്പ് കേന്ദ്രം അവഗണിച്ചതിനെതിരേ കടുത്ത പ്രതിഷേധമാണുയരുന്നത്. അമ്പലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ തണല്‍ മരത്തിന്റെ ചുവട്ടിലാണ് നിന്നിരുന്നത്. റോഡ് നവീകരണത്തോടെ ഈ തണല്‍ മരവും വെട്ടിമാറ്റി. വെയിലിലും മഴയിലും കടകളുടെ വരാന്തകളാണ് യാത്രക്കാര്‍ക്ക് ആശ്രയം. എടത്വ പള്ളി തിരുനാളിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അടിയന്തിരമായി കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കണമെന്ന് എടത്വ വികസന സമതി ആവശ്യപ്പെട്ടു.