സർക്കാർ ഭൂമിയിൽനിന്ന് വൻതോതിൽ മണൽകടത്തുന്നു
1375642
Monday, December 4, 2023 12:23 AM IST
തുറവൂർ: സർക്കാർ പൊന്നും വില കൊടുത്തുവാങ്ങിയ വസ്തുവിൽനിന്ന് സ്വകാര്യവ്യക്തി മണൽ കടത്തുന്നു. കോടികൾ മുടക്കി ദേശീയപാതയ്ക്കായി വാങ്ങിയിരിക്കുന്ന വസ്തുവിലുള്ള അവകാശം സർക്കാരിനാണ്. ഈ സർക്കാർ ഭൂമിയിൽനിന്നാണ് പൈലിംഗ് ചെയ്ത് മണ്ണും ചെളിയും മറ്റും രാത്രികാലങ്ങളിൽ വിൽക്കുന്നത്. സ്വകാര്യവ്യക്തിക്ക് രഹസ്യ കരാർ ലഭിച്ചു എന്ന് പറഞ്ഞാണ് മണൽകടത്തുന്നത്.
ഇത്തരത്തിൽ രാത്രിയുടെ മറവിൽ സർക്കാർ ഭൂമിയിലെ മണൽ വിൽക്കുന്നതിന്റെ വിഹിതം പറ്റുന്നത് നിർമാണ കമ്പനി ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെട്ട കൂട്ടുകെട്ടാണെന്നാണ് നാട്ടുകാരുടെ ആരോപണം.
അരൂർ തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണത്തിനായി കുഴിക്കുമ്പോൾ ഉണ്ടാകുന്ന മണ്ണും ചെളിയും നിർമാണസ്ഥലത്തുനിന്ന് കരാർ ലഭിച്ചിരിക്കുന്ന കമ്പനി സ്വന്തം ചെലവിൽ മാറ്റി മറ്റു സ്ഥലത്ത് യാർഡ് ഒരുക്കേണ്ടതാണെന്നാണ് കരാറിലെ വ്യവസ്ഥ. പൈലിംഗ് തുടങ്ങിയ സമയത്ത് മാസവാടകയ്ക്ക് ചെറിയ ടിപ്പർ ലോറി എടുത്തിട്ടാണ് മണ്ണും ചെളിയും നിക്കം ചെയ്തിരുന്നത്.
കൂടാതെ പലരിൽനിന്നും കരം ഒടുക്ക് - രസിത് വാങ്ങിയാണ് മണൽക്കടത്ത് നടത്തുന്നത്. ഇത് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ്. ഈ രസിതിന്റെ മറവിൽ നിലങ്ങളും കുളങ്ങളും തോടുകളും വ്യാപകമായി നികത്തപ്പെടുകയാണെന്ന ആരോപണവുമുണ്ട്. ഈ രീതിയിൽ നികത്തുന്നതു മൂലം വൻ പരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. നികത്തുന്നതിലൂടെ ജലത്തിന്റെ ഉറവകൾ വറ്റിവരളുകയാണ്.
പൈലിംഗ് ചെളിയിലുള്ള കെമിക്കലുകൾ കലർന്നു സമീപ പ്രദേശങ്ങളിലുള്ള ജലസ്രോതസുകളും മറ്റു കുടിവെള്ള സ്രോതസുകളും മലിനീകരിക്കപ്പെടുകയാണ്. ചെളിയുമായി പോകുന്ന വഴികളിൽ ചെളി വീണ് ഇരുചക്ര വാഹനങ്ങൾ പലതും അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. പൈലിംഗിൽ കിട്ടുന്ന മണ്ണും ചെളിയും ടെണ്ടർ ചെയ്ത് സർക്കാരിന് കിട്ടേണ്ട കോടിക്കണക്കിനു രൂപയാണ് ഈ അവിശുദ്ധ കൂട്ടുകെട്ടിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.
ലോഡ് ഒന്നിന് 500 രൂപ വച്ച് സ്വകാര്യവ്യക്തി വാങ്ങുന്ന ചെളിയും മണലും ടിപ്പർ ഉടമകൾ 2000 മുതൽ 5000 രൂപ വരെ വാങ്ങി മറിച്ചുവിൽക്കുകയാണ്.
ദേശീയപാതയുടെ വീതി കൂട്ടുന്ന ഭാഗത്തെ മണലും ഈ സംഘം രാത്രിയുടെ മറവിൽ കടത്തുകയാണ്. പോലിസ്, മൈനിംഗ് ആൻഡ് ജിയോളജി, മോട്ടോർ വാഹന വകുപ്പ്, നാഷണൽ ഹൈവേ അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ്, റവന്യു വകുപ്പ്, കൃഷിവകുപ്പ്, തദ്ദേശവകുപ്പ്, ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് നാട്ടുകാർ അറിയിച്ചു.