മദകാലം കഴിഞ്ഞിട്ടും ഏവൂർ കണ്ണനെ അഴിക്കാനാകുന്നില്ല
1375641
Monday, December 4, 2023 12:23 AM IST
ഹരിപ്പാട്: മദകാലം കഴിഞ്ഞിട്ടും ഏവൂർ കണ്ണനെ അഴിക്കാനാകുന്നില്ല. എട്ടുവർഷമായി ആനയെ പരിചരിച്ചിരുന്ന താത്കാലിക ജീവനക്കാരൻ സ്ഥിരം നിയമനം ലഭിക്കാതെ ജോലി ഉപേക്ഷിച്ചുപോയതിനാൽ ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ കണ്ണനെ അഴിക്കാനാകുന്നില്ല. മദകാലപരിചരണം പൂർത്തിയായിട്ട് ഒന്നരമാസമാകുന്നു. ആനയെ അഴിക്കാമെന്ന് ദേവസ്വം ബോർഡിന്റെ വെറ്ററിനറി സർജൻ നിർദേശിക്കുകയും ചെയ്തു.
ആറുമാസം മുമ്പാണ് ആനയെ മദപ്പാടിനു മുന്നോടിയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ തളച്ചത്. പിന്നീട് ഇതുവരെയും അഴിച്ചുകെട്ടാൻ കഴിഞ്ഞിട്ടില്ല. ദേവസ്വം ബോർഡ് ജീവന ക്കാരനായ പാപ്പാൻ ജോലിക്കു ണ്ട്. എന്നാൽ, ഈ ജീവനക്കാരന് ആനയെ അഴിക്കാൻ കഴിയുന്നില്ല.
കൊല്ലം പാരിപ്പള്ളി സ്വദേശിയും താത്കാലിക ജീവനക്കാരനുമായിരുന്ന ശരത്തുമായാണ് ആനയ്ക്ക് അടുപ്പമുള്ളത്. എട്ടു വർഷം മുൻപ് ഇപ്പോഴത്തെ രീതിയിൽ ഏറെക്കാലം ആനയെ അഴിക്കാൻ കഴിയാത്ത സാഹ ചര്യമുണ്ടായി. അന്ന് ദേവസ്വം ബോർഡ് ജീവനക്കാരായ പാപ്പാന്മാർ ശ്രമിച്ചിട്ടും ആനയെ അഴിക്കാൻ കഴിഞ്ഞില്ല. അന്ന് ശരത്താണ് ആനയെ അഴിച്ചത്.
പിന്നീട് ശരത്തിന്റെ പരിചരണത്തിലായിരുന്നു ഈ കൊമ്പൻ. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ പാപ്പാൻ നിയമനപ്പട്ടികയിൽ ഒന്നാംറാങ്കുകാരനായി അടുത്തിടെ ശരത്തിന് ഇടം ലഭിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനം നൽകിയാൽ ഏവൂരിൽ തുടരാമെന്ന് ശരത്ത് ബന്ധപ്പെട്ടവരെ അറിയിച്ചു. ഭക്തജനങ്ങൾ ഈ ആവശ്യം ഉന്നയിച്ച് സമരവും നടത്തി.
എന്നാൽ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നിയമനം നൽകാൻ ദേവസ്വം ബോർഡ് തയാറായില്ല. ഇതിനാൽ ശരത്ത് ഗുരുവായൂർ ദേവസ്വത്തിൽ ജോലിക്കു ചേർന്നു. ഇതോടെയാണ് കണ്ണനെ അഴിക്കാൻ ആളില്ലാതെ വന്നത്. ഉത്സവകാലങ്ങളിൽ സമീപത്തെ ക്ഷേത്രങ്ങളിലെല്ലാം ഏവൂർ കണ്ണനെ എഴുന്നള്ളിക്കാ റുണ്ടായിരുന്നു. കഴിഞ്ഞവർഷം 131 പരിപാടികളിലാണ് കണ്ണനെ പങ്കെടുപ്പിച്ചത്.
2008-ൽ ഒരു ഭക്തനാണ് കണ്ണനെ നടയ്ക്കുവച്ചത്. ഒരു പാപ്പാനെ മാത്രമേ അനുസരിക്കുകയുള്ളൂ എന്ന പ്രത്യേക സ്വഭാവമുള്ള ആനയാണിത്. പരിചയസമ്പന്നരായ പാപ്പാന്മാരെ നിയോഗിച്ച് കണ്ണനെ പരിചരിക്കണമെന്നാണ് ഭക്തരുടെ ആവശ്യം.