തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധകുത്തിവയ്പ്പ്
1375640
Monday, December 4, 2023 12:23 AM IST
ഹരിപ്പാട്: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പേ വിഷബാധയുള്ള തെരുവുനായ കടിച്ചതിനെത്തുടർന്നുള്ള പ്രതിരോധപ്രവർത്തനങ്ങൾ തുടരുന്നു. വെള്ളിയാഴ്ച ആരംഭിച്ച പ്രതിരോധ വാക്സിനേഷൻ കഴിഞ്ഞദിവസ വും തുടർന്നു. ഇതുവരെയും 200ലധികം തെരുവുനായ്ക്കളെ പിടികൂടി പ്രതിരോധകുത്തിവയ്പ്പെടുത്തു. റെയിൽ വേസ്റ്റേഷൻ പരിസരത്തുനിന്ന് ഇരുപതോളം നായ്ക്കളെ പിടികൂടി കുത്തിവച്ച ശേഷം വിട്ടയച്ചു.
കച്ചേരി ജംഗ് ഷൻ, പോലീസ് സ്റ്റേഷൻ പരിസരം, മണ്ണാറശാല ക്ഷേത്രപരിസരം, എഴിക്കകത്ത് ജംഗ്ഷൻ, പോലീസ് ക്വാർട്ടേഴ്സ്, ടൗൺഹാൾ ജംഗ്ഷൻ എന്നിവിടങ്ങളിൽനിന്നു തെരുവുനായ്ക്കളെ പിടുകൂടി കുത്തിവച്ചു. നായ്ക്കളെ പിടികൂടുന്നതിൽ വിദഗ്ധരായ സംഘത്തെയാണ് നഗരസഭ രംഗത്തിറക്കിയിരിക്കുന്ന റെയിൽവേസ്റ്റേഷനിൽ യാത്രക്കാരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.
ടിക്കറ്റ് കൗണ്ടറിനു സമീപവും പ്ലാറ്റ് ഫോമിലുമെല്ലാം നായ്ക്കൾ തമ്പടിച്ചിരുന്നു. പേവിഷബാധ സ്ഥിരീകരിച്ച നായയെ പ്ലാറ്റ്ഫോമിൽ മരിച്ചനിലയിൽ കണ്ടിരുന്നു. ഈ നായ് മറ്റുള്ളവയെ കടിച്ചതായി യാത്രക്കാർ നഗരസഭാ ആരോഗ്യവിഭാഗത്തെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് റെയിൽവേസ്റ്റേഷന്റെ സമീപ പ്രദേശങ്ങളിലെ തെരുവുനായ്ക്കൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ തീരുമാനിച്ചത്. നഗരസഭാ ചെയർമാൻ കെ.എം. രാജു, വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത്, കൗൺസിലർമാരായ വിനു ആർ. നാഥ്, ഉമാറാണി, ഹെൽത്ത് ഇൻസ്പെക്ടർ രാജീവ്, ജെഎച്ച്ഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.