ജില്ലാ കേരളോത്സവം ഓവറോൾ കിരീടം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്
1375636
Monday, December 4, 2023 12:23 AM IST
തുറവൂർ: ജില്ലാ കേരളോൽസവം 2023ന്റെ ഓവറോൾ ട്രോഫികൾ പട്ടണക്കാട് ബ്ലോക്ക് ഭാരവാഹികൾ ഏറ്റുവാങ്ങി. പോയിന്റ് നിലവാരം രേഖപ്പെടുത്തിയതിലെ പിശകുമൂലം തൈക്കാട്ടുശേരി ബ്ലോക്കിനാണ് ഓവറോൾ ചാന്പ്യൻഷിപ്പ് ട്രോഫി നൽകിയത്. പിന്നീട് നടന്ന പരിശോധനയിൽ പട്ടണക്കാട് ബ്ലോക്കാണ് ഓവറോൾ ചാമ്പ്യൻമാർ എന്ന് പ്രഖ്യാപിച്ചു.
ട്രോഫികൾ തിരിച്ചുവാങ്ങി പട്ടണക്കാട് ബ്ലോക്കിൽ നടന്ന കലോത്സവത്തിൽ മത്സരിച്ച കലാകായിക താരങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്തൊരുക്കിയ സ്നേഹവിരുന്നിൽ ജില്ലാ പഞ്ചായത്തംഗങ്ങളായ അനന്തു രമേശും സജിമോൾ ഫ്രാൻസിസും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസും ചേർന്ന് ഓവറോൾ ചാമ്പ്യൻഷിപ്പും ആർട്ട്സ് ചാമ്പ്യൻ ട്രോഫിയും കൈമാറി. ജില്ലാ കേരളോത്സവത്തിലെ കലാപ്രതിഭ അതുലും വേദിയിൽ ട്രോഫികൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ പങ്കെടുത്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി ഉദ്ഘാടനം ചെയ്തു.
വൈസ്പ്രസിഡന്റ് ആർ. ജീവൻ അധ്യക്ഷത വഹിച്ചു. ജയപ്രതാപൻ വി.കെ. സാബു അർച്ചന ഷൈൻ, അരുൺ, വിഷ്ണു പി.കെ, അഖിൽ കൃഷ്ണ എന്നിവർ പങ്കെടുത്തു.