നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണം: കർഷക കോൺഗ്രസ്
1375634
Monday, December 4, 2023 12:23 AM IST
മാന്നാർ: അപ്പർകുട്ടനാടൻ മേഖലയായ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് നെൽകൃഷി ആരംഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് കർഷക കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മുക്കം വാലേൽ ബണ്ടിന്റെ നിർമാണം ഇഴയുന്നതിനാൽ പാടത്ത് പമ്പിംഗ് ജോലികൾ യഥാസമയം നടത്താൻ കഴിയാതെ കർഷകർ ആശങ്കയിലാണ്. നവംബർ പകുതിയോടെ പൂർത്തിയാക്കുന്ന നിലമൊരുക്കൽ ഡിസംബർ ആയിട്ടും തുടങ്ങിയിട്ടില്ല. 31 ന് മുമ്പ് നെൽകൃഷി ആരംഭിച്ചില്ലെങ്കിൽ യാതൊരു ആനുകൂല്യങ്ങളും നൽകില്ലെന്നാണ് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ സർക്കുലറിൽ പറയുന്നത്.
എല്ലാവർഷവും കൃഷിക്കു മുമ്പായി പഞ്ചായത്ത് പ്രത്യേക ഫണ്ട് അനുവദിച്ച് നടത്തുന്ന ഇലമ്പനം തോട്ടിലെ പായലുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികളും ഇത്തവണ ഇതേവരെ നടത്താത്തതും നെൽകൃഷി തുടങ്ങുന്നതിനു തടസമാകുന്നു.
ഈ സാഹചര്യത്തിൽ നെൽകർഷകരുടെ ആശങ്കകൾ പരിഹരിച്ച് എത്രയും വേഗം കൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം കർഷകരെ അണിനിരത്തി വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കർഷക കോൺഗ്രസ് മാന്നാർ മണ്ഡലം പ്രസിഡന്റ് ഹരിദാസ് കിം കോട്ടേജ് പ്രസ്താവനയിൽ അറിയിച്ചു.