കാവാലം പഞ്ചായത്തിൽ പ്രത്യേക സൗകര്യം ചെളിയിൽ വീഴാത്തവർ ആരുണ്ട്?
1375333
Sunday, December 3, 2023 12:37 AM IST
മങ്കൊമ്പ്: ഒരു പതിറ്റാണ്ടിലേറെയായി തകർന്നുകിടക്കുന്ന റോഡിലൂടെയുള്ള ദുരിതയാത്രയ് ക്കു പരിഹാരം വേണമെന്നു നാട്ടുകാർ. കാവാലം പഞ്ചായത്ത് 11- ാം വാർഡിലെ തട്ടാശേരി ജങ്കാർ കടവ് മുതൽ കണ്ണൻകുടുക്ക വരെയുള്ള റോഡിലാണ് കാൽനടയാത്ര പോലും ദുഃസഹമായിരിക്കുന്നത്.
ഇതുവഴിയുള്ള പ്രധാന യാത്രക്കാർ നഴ്സറി തലം മുതലുള്ള നൂറുകണക്കിനു വിദ്യാർഥികളാണെന്ന പരിഗണന പോലും അധികൃതർ നൽകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. രണ്ടരമീറ്ററോളം വീതിയിൽ ടാറിംഗ് നടത്തിയിട്ടുള്ള റോഡിന്റെ തകർച്ചയാരംഭിച്ചിട്ടു പത്തിലേറെ വർഷങ്ങളായി.
ഏലപ്പള്ളി പാലത്തിനു സമീപത്തുനിന്നും ആറിനു കുറുകെ വാട്ടർ അഥോറിറ്റിയുടെ പൈപ്പുലൈൻ സ്ഥാപിക്കുന്നതിനായി ജങ്കാർ കടവു മുതൽ ഇരുനൂറു മീറ്ററോളം ദൂരത്തിൽ റോഡ് കുത്തിപ്പൊളിച്ചതു മുതലാണ് റോഡിന്റെ തകർച്ചയാരംഭിച്ചത്.
കുത്തിപ്പൊളിച്ച റോഡ് പിന്നീട് നന്നാക്കാൻ ആരും തയാറായില്ല. ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ, സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ, അങ്കണവാടി, സെന്റ് തെരേസാസ് പള്ളി തുടങ്ങിയ സ്ഥാപനങ്ങളിലേക്കു തട്ടാശേരി കടത്തുകടവിൽനിന്നു പോകാനുള്ള ഏക റോഡാണിത്.
മൂലേശേരി ജംഗ്ഷൻ, വടക്കൻ വെളിയനാട് എന്നിവിടങ്ങളിൽനിന്നുള്ള നൂറുകണക്കിനു കുടുംബങ്ങളിലെ ജനങ്ങളും ബസ് കയറുന്നതിനും വിവിധ ആവശ്യങ്ങൾക്കുമായി ഇതുവഴി വേണം യാത്രചെയ്യാൻ. സ്കൂളിലേക്കുള്ള വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കാവാലം പള്ളിയിലേക്കു സംസ്കാരച്ചടങ്ങുകൾക്കായി മൃതദേഹവുമായെത്തുന്ന വിലാപയാത്രകൾ പോലും ഇതുവഴി ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.
മഴപെയ്താൽ ഒന്നരയടി വരെ റോഡിൽ വെള്ളക്കെട്ടുണ്ടാകും. സംസ്കാരച്ചടങ്ങുകൾക്കായി നാട്ടുകാർ റോഡിലെ വെള്ളം വറ്റിക്കുകയാണ് പതിവ്. ചെളിവെള്ളം നിറഞ്ഞ റോഡിൽ സ്കൂൾ കുട്ടികളും പ്രായമായവരും കാൽവഴുതി വീഴുന്നത് നിത്യസംഭവമായിരിക്കുന്നു.
റോഡ് ആരംഭിക്കുന്ന ജങ്കാർ കടവിനു സമീപത്തെ റോഡിൽ വേലിയേറ്റ സമയത്തു ഒരടിയോളം വെള്ളം കയറും. കെഎസ്ആർടിസി ബസുകൾ തിരിയുന്ന സ്ഥലമായതിനാൽ ചെളിക്കൂമ്പാരങ്ങളും പടുകുഴികളും മൂലം അപകടങ്ങൾ പതിവാണ്.
റോഡിന്റെ നവീകണത്തിനായി നാട്ടുകാരും സംഘടനകൾ ഇനി മുട്ടാത്ത വാതിലുകളില്ല. എംപി, എംഎൽഎ, ത്രിതലപഞ്ചായത്തു പ്രതിനിധികൾ എന്നിവരെയെല്ലാം തങ്ങളുടെ പരാതിയറിയിച്ചു. പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും തങ്ങളുടെ ദുരിതത്തിനു പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ പരാതി.