ഒരേ ചിതയില്‍ അന്ത്യയാത്ര; കണ്ണീര്‍ക്കടലായ് തലവടി
1375332
Sunday, December 3, 2023 12:37 AM IST
എടത്വ: സുനുവും സൗമ്യയും പിഞ്ചുകുട്ടികളുമായി അന്ത്യയാത്ര പറഞ്ഞത് ഒരു ചിതയില്‍. കണ്ണീരടക്കാന്‍ കഴിയാതെ തലവടിക്കാര്‍ തേങ്ങി. രോഗവും സാമ്പത്തിക പരാധീനതയും തളര്‍ത്തിയതോടെ പിഞ്ചുകുട്ടികളെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കിയ കുടുംബം ഒരു ചിതയിലാണ് അന്ത്യയാത്ര പറഞ്ഞത്.
തലവടി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ചക്കുളം മൂലേപ്പറമ്പ് വീട്ടില്‍ സുനു (36), ഭാര്യ സൗമ്യ (31), ഇരട്ടക്കുട്ടികളായ ആദി, ആദില്‍ (മൂന്നര) എന്നിവരുടെ മൃതദേഹമാണ് ഒരു ചിതയില്‍ അടക്കിയത്. മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ മുതല്‍ നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിലും വഴിയിലുമായി ഒരു നോക്കു കാണാന്‍ തടിച്ചുകൂടിയത്.
തിരക്ക് മൂലം മണിക്കൂറുകള്‍ താമസിച്ചാണ് മൃതദേഹങ്ങള്‍ വീട്ടില്‍ എത്തിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാന്‍ ആയിരക്കണക്കിനാളുകള്‍ വീട്ടിലും എത്തിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വരെ ആദിയുടെയും ആദിലിന്റെ യും കളിചിരികള്‍ മുഴങ്ങിയ വീട്ടില്‍ തേങ്ങലും നെടുവീര്‍പ്പുകളും ഉയര്‍ന്നു. മൃതദേഹം പൊതുദര്‍ശനത്തിനായി തൊട്ടടുത്തുള്ള കുടുംബ വീട്ടില്‍ ഒരേ നിറമുള്ള വസ്ത്രം ധരിപ്പിച്ച് നിരത്തി കിടത്തിയപ്പോള്‍ ഒരുനോക്ക് കാണാനുള്ള ആളുകളുടെ തിരക്ക് നിയന്ത്രണാതീതമായി.
ഇനി സുനുവും കുടുംബവും തങ്ങള്‍ക്കൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ കഴിയാതെ സുഹൃത്തുക്കള്‍ വിതുമ്പി.ഇന്നലെ വൈകിട്ട് 3.30 ഓടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് നാലോടെ ആദ്യം പിതാവായ സുനുവിന്റെയും തുടര്‍ന്ന് മക്കളായ ആദിയുടെയും ആദിലിന്റെ യും അവസാനം അമ്മ സൗമ്യയുടെയും മൃതദേഹം ചിതയില്‍ കിടത്തി. സുനുവിന്റെ സഹോദരന് സുജിത്തിന്റെ മകന് സൂര്യന് ചിതയ്ക്ക് തീ കൊളുത്തി.
ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ ആദിയുടേയും ആദിലിന്റെയും മൃതദേഹം ചിതയില്‍ ലയിച്ച് ഇല്ലാതാകുന്നത് കാണാന്‍ കഴിയാതെ സ്ത്രീകള്‍ വാവിട്ട് കരഞ്ഞു. ബാങ്ക് ലോണ്‍ എടുത്തും കടം വാങ്ങിയും പടുത്തുയര്‍ത്തിയ വീടിനു മുന്നില്‍ രണ്ടു കുഞ്ഞു സൈക്കിളുകളും കളിപ്പാട്ടങ്ങളും അനാഥമായി തീര്‍ന്നു.