അഭിഷേകാഗ്നി ബൈബിള്‍ കൺവൻഷന്: പ്രയാണവും കാല്‍നാട്ടുകര്‍മവും ഇന്ന്
1375331
Sunday, December 3, 2023 12:37 AM IST
ചേർത്തല: വെട്ടയ്ക്കല്‍ അരാശുപുരം സെന്റ് ജോർജ് ഇടവകയിൽ നടത്തുന്ന അഭിഷേകാഗ്നി കൺവൻഷനോടനുബന്ധിച്ച പന്തലിന്റെ കാൽനാട്ടുകർമവും അനുബന്ധ ക്രമീകരണങ്ങളും ഇന്നു നടക്കും.
കൺവൻഷൻ വേദിയായ ആറാട്ടുവഴി പുളിക്കൽ സെന്റ് ജോസഫ് ഹോളി ഫാമിലി ചാപ്പൽ അങ്കണത്തിൽ ആലപ്പുഴ രൂപത വികാരി ജനറാൾ മോൺ. ജോയ് പുത്തൻവീട്ടിൽ പന്തൽ കാൽനാട്ടുകർമം നിർവഹിക്കും. ഒറ്റമശേരി സെന്റ് ജോസഫ്സ് പള്ളിയിൽനിന്ന് പന്തൽ കാൽമരവും വെട്ടക്കൽ സെന്റ് ആന്റണീസ് ചാപ്പലിൽനിന്ന് പേപ്പൽ പതാകയും അഴീക്കൽ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽനിന്ന് പ്രതിഷ്ഠയ്ക്കുള്ള വിശുദ്ധഗ്രന്ഥവും കൺവൻഷൻ വേദിയിൽ എത്തിക്കും.
ഫാ. അലക്സാണ്ടർ കൊച്ചീക്കാരൻ, ഫാ. ബിബിലൻ, ഫാ. ജൂഡോ എന്നിവർ ആശീർവാദ ശുശ്രൂഷകളിൽ കാർമികരാകും. വാഹന അകമ്പടിയോടെയാണ് പന്തൽ കാൽമരവും പേപ്പൽ പതാകയും വിശുദ്ധ ഗ്രന്ഥവും കൺവൻഷൻ വേദിയിലെത്തിക്കുകയെന്ന് വികാരി ഫാ. ആന്റണി തമ്പി തൈക്കൂട്ടത്തിലും ജനറൽ കൺവീനർ തമ്പി ചക്കുങ്കലും പറഞ്ഞു.
കാൽനാട്ടിനു ശേഷം ക്രിസ്മസ് കാലത്തിന്റെ റീത്ത് തെളിയിച്ചു വിശുദ്ധബലി നടക്കും. ഫാ. അനു ജോസഫ് ആറുകുലശേരി, ഫാ. മാർട്ടിൻ കരോട്ട്, ഫാ. മാത്യു മുട്ടുമന എന്നിവർ കാർമികരാകും.
അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. സാംസൺ ക്രിസ്റ്റിയുടെ നേതൃത്വത്തില്‍ 13 മുതൽ 17വരെ വൈകുന്നേരം 4.30 മുതൽ 8.30 വരെയാണ് അഭിഷേകാഗ്നി കൺവൻഷൻ. മറ്റു പ്രദേശങ്ങളിൽനിന്ന് കൺവൻഷൻ വേദിയിലേക്ക് വാഹന സൗകര്യം ഉണ്ടാകുമെന്നും വികാരി ഫാ. ആന്റണി തമ്പി തൈക്കൂട്ടത്തില്‍ അറിയിച്ചു.